മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളിലെ മുന്നേറ്റത്തിനുശേഷം ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 171 പോയന്റ് താഴ്ന്ന് 57,943ലും നിഫ്റ്റി 68 പോയന്റ് നഷ്ടത്തില്‍ 17,271ലുമാണ് വ്യാപാരം ആരംഭിച്ചത്.
ആഗോള വിപണികളിലെ നഷ്ടവും വന്‍തോതില്‍ ഓഹരികള്‍ വിറ്റ് ലാഭമെടുക്കാനുള്ള നിക്ഷേപകരുടെ തിടുക്കവുമാണ് വിപണിയെ തളര്‍ത്തിയത്. ഐടിസിയുടെ ഓഹരി വില 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരമായ 314 രൂപയിലെത്തി. ഒരുവര്‍ഷത്തിനിടെ ഓഹരിയിലുണ്ടായ നേട്ടം 33.9ശതമാനമാണ്.
ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ് ലെ, എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്‍പ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ഭാരതി എയര്‍ടെല്‍, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, അള്‍ട്രടെക് സിമെന്റ്‌സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. മെറ്റല്‍ സൂചികയാണ് നഷ്ടത്തില്‍ മുന്നില്‍. എഫ്എംസിജി, മീഡയ സൂചികകള്‍ നേട്ടത്തിലുമാണ്.