കൂത്തുപറമ്പ് : ഉത്തരമേഖല ജയിൽ ഡി.ഐ.ജി. സാം തങ്കയ്യൻ നിർദിഷ്ട കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിലിൽ സന്ദർശിച്ചു. സുരക്ഷാക്രമീകരണങ്ങൾ പരിശോധിക്കാൻ കഴിഞ്ഞ ദിവസം അഗ്നിരക്ഷാസേനയും എത്തിയിരുന്നു.
വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് ഡി.ഐ.ജി. എത്തിയത്. ജില്ലാ ജയിൽ സൂപ്രണ്ടും കൂത്തുപറമ്പ് സബ് ജയിൽ സ്പെഷ്യൽ ഓഫീസറുമായ കെ. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് നിർമാണപ്രവൃത്തികൾ ഡി.ഐ.ജി. പരിശോധിച്ചു. കൂത്തുപറമ്പ് സ്റ്റേഷൻ ഓഫീസർ കെ.വി. ലക്ഷ്മണന്റെ നേതൃത്വത്തിലായിരുന്നു അഗ്നിരക്ഷാസേനയുടെ പരിശോധന.
പരിശോധന റിപ്പോർട്ട് ഉടൻ ജില്ലാ സ്റ്റേഷൻ ഓഫീസർക്ക് കൈമാറും. കണ്ണൂർ സബ് ജയിൽ സൂപ്രണ്ട് ഐ.വി. ഒതേനൻ, സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് കെ. അജിത്ത്, ജില്ലാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് പി.ടി. സന്തോഷ്, കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിൽ നോഡൽ ഓഫീസർ എ. ജിതേഷ്, കെ.ജെ.എസ്.ഒ. എ സംസ്ഥാന പ്രസിഡന്റ് വി. റെനീഷ്, രാജീവൻ കൊട്ടയോടൻ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ പി. ബൈജു, സി. ഷിനോജ് എന്നിവരും പങ്കെടുത്തു.
അന്തിമഘട്ട മിനുക്ക് പണി
ഈ മാസം അവസാനം ഉദ്ഘാടനം നടത്താൻ ലക്ഷ്യമിട്ട് ജയിലിന്റെ അന്തിമഘട്ട മിനുക്ക് പണികളാണ് പുരോഗമിക്കുന്നത്. ആവശ്യമായ ജീവനക്കാരുടെ തസ്തിക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ ധനകാര്യവകുപ്പിന്റെ മുമ്പാകെയാണുള്ളത്.
സൂപ്രണ്ട്, അസിസ്റ്റന്റ് സൂപ്രണ്ടുമാർ എന്നിവർ ഉൾപ്പെടെ 45 ജീവനക്കാരെയാണ് ജയിലിന്റെ ദൈനംദിന പ്രവർത്തനത്തിന് ആവശ്യം. 50-നും 60-നുമിടയിൽ അന്തേവാസികളെ പാർപ്പിക്കാനുള്ള സൗകര്യത്തോട് കൂടിയതാണ് ജയിൽ. നേരത്തെ താലൂക്ക് ജയിലായും പിന്നീട് പോലീസ് സ്റ്റേഷനായും പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് സ്‌പെഷ്യൽ സബ് ജയിൽ സ്ഥാപിക്കുന്നത്. ഇതിനായി കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ബജറ്റിൽ 3.30 കോടി രൂപ അനുവദിച്ചിരുന്നു.
കഴിഞ്ഞവർഷം ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ജയിൽ നിർമാണത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. പല കാരണങ്ങളാൽ നിർമാണം പൂർത്തിയാവുന്നത് വൈകുകയായിരുന്നു. കൂത്തുപറമ്പ്, മട്ടന്നൂർ കോടതികളിൽ നിന്ന് റിമാൻഡ് ചെയ്യുന്ന പ്രതികളെയാണ് കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിലിൽ പാർപ്പിക്കുക.