സബ്‌രജിസ്‌ട്രാർ ഓഫീസുകളിൽ ആധാരം രജിസ്‌റ്റർ ചെയ്യാനുള്ള ഫയലിങ് ഷീറ്റുകൾക്ക് ക്ഷാമം. ഇതോടെ ഭവനനിർമാണം ഉൾപ്പെടെ സർക്കാരിന്റ പദ്ധതികൾക്കുള്ള രജിസ്‌ട്രേഷൻ പലയിടത്തും മുടങ്ങി. കൂടുതൽ രജിസ്‌ട്രേഷൻ നടക്കുന്ന മാർച്ചിൽ ഫയലിങ് ഷീറ്റിന് ക്ഷാമമുണ്ടായത് ആധാരമെഴുത്തുകാരെയും പ്രതിസന്ധിയിലാക്കി. കണ്ണൂർ സബ് രജിസ്‌ട്രാർ ഓഫീസിൽ ഫയലിങ് ഷീറ്റ് തീർന്നിട്ട് നാലുദിവസമായി. നേരത്തെ വാങ്ങി സൂക്ഷിച്ചവർക്കേ ഇപ്പോൾ രജിസ്‌റ്റർ ചെയ്യാനാവുന്നുള്ളൂ. ജില്ലയിൽ രജിസ്‌ട്രേഷൻ പൂർണമായും മുടങ്ങുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ.
സർക്കാർ പ്രസിൽനിന്ന് ജില്ലാ രജിസ്‌ട്രാർ ഓഫീസിൽ എത്തിച്ചാണ് ജില്ലയിലെ 23 സബ് രജിസ്‌ട്രാർ ഓഫീസിലും ഷീറ്റ് നൽകുന്നത്. ഒരു ഷീറ്റിന് 10 രൂപ ഈടാക്കിയാണ് ആധാരമെഴുത്തുകാർക്ക് നൽകുക. ദിവസം ചുരുങ്ങിയത് അയ്യായിരത്തോളം ഷീറ്റുകൾ ആവശ്യമാണ്. തലശേരിയിലെ ജില്ലാ രജിസ്‌ട്രാർ ഓഫീസിൽ ഷീറ്റിന്റെ സ്‌റ്റോക്ക് തീർന്നിട്ട് ദിവസങ്ങളായി. വടക്കൻ ജില്ലകളിലെ സർക്കാർ പ്രസുകളിൽ ഫയലിങ് ഷീറ്റുകൾ സ്‌റ്റോക്കില്ലാത്തിനാൽ ബുധനാഴ്‌ച തിരുവനന്തപുരത്തുനിന്നും ഫയലിങ് ഷീറ്റ് കൊണ്ടുവരുമെന്ന് ജില്ലാ രജിസ്‌ട്രാർ പറഞ്ഞു.
previous post