കണിച്ചാർ: മലയോരത്തുനിന്ന് ചക്ക ഉത്തരേന്ത്യൻ വിപണിയിലേക്ക് ഒഴുകുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് ഇവ കയറ്റിപ്പോകുന്നത്.
പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഷുഗർലെസ് ബിസ്കറ്റ് നിർമാണത്തിനാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. കിലോയ്ക്ക് എട്ടുരൂപ നിരക്കിലാണ് കർഷകരിൽനിന്ന് വാങ്ങിക്കുന്നത്.
വനാതിർത്തിയിൽ താമസിക്കുന്ന കർഷകർക്ക് ചക്ക സീസൺ വന്യമൃഗ ഭീഷണിയുടെ കാലംകൂടിയാണ്. ചക്ക പഴുക്കുന്പോൾ ഇതിന്റെ മണം പിടിച്ച് കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ തീറ്റ തേടിയെത്തുന്നതാണ് കർഷകരെ ഭീഷണിയിലാക്കുന്നത്. ഇതുകൂടി മുന്നിൽക്കണ്ട് പലരും ചക്ക മൂക്കുന്നതിന് മുന്പുതന്നെ വിറ്റൊഴിക്കുകയാണ്.
കാട്ടാനശല്യം രൂക്ഷമായ ഓടംതോട്, അണുങ്ങോട്, മടപ്പുരച്ചാൽ, നെല്ലിയോടി തുടങ്ങിയ മേഖലകളിൽനിന്നാണ് പ്രധാനമായും കണിച്ചാറിലേക്ക് ചക്ക എത്തുന്നത്. ഇടിച്ചക്ക പരുവത്തിലുള്ള ചക്കയ്ക്കാണ് വൻ ഡിമാൻഡെന്ന് കച്ചവടക്കാർ പറയുന്നു.
കാട്ടാനയെ ഭയന്നാണ് ചക്ക കൂട്ടത്തോടെ പറിച്ചു വിൽക്കുന്നതെന്ന് കണിച്ചാർ അണുങ്ങോടിലെ കർഷനായ പാമ്പാറയിൽ ജോസഫ് പാപ്പച്ചൻ പറഞ്ഞു.
രണ്ടു ദിവസങ്ങളിലായി 18 ക്വിന്റലോളം ചക്കയാണ് ഇദ്ദേഹം വിറ്റത്. നിത്യേന മൂന്നു ടൺ ചക്കയാണ് കണിച്ചാർ പാലിയത്ത് ജോയിയുടെ ഉടമസ്ഥതയിലുള്ള പിസി വെജിറ്റബിളിൽനിന്നു കയറ്റുമതി ചെയ്യുന്നത്.