റോഡ് വികസന കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സർക്കാരിനോട് ഒപ്പം നിൽക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കണ്ണൂർ ഗസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാശിയോ മത്സരമോ ഏറ്റമുട്ടലോ ഇല്ല. വികസനമാണ് ലക്ഷ്യം. പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്യും. മഴ അധികമായതിനാൽ ഇക്കുറി റോഡിന്റെ അറ്റകുറ്റപണികൾക്ക് പതിവിലും കൂടുതൽ തുകയാണ് അനുവദിച്ചത്. കുഴികൾ അടക്കേണ്ടതിന് പകരം തകരാത്ത റോഡുകൾക്ക് മേൽ വീണ്ടും ടാർ ചെയ്യുന്നതായുള്ള പരാതികൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വിജിലൻസ് സംവിധാനം ശക്തമാണ്. നിലവിൽ റോഡുള്ളിടത്ത് വീണ്ടും ടാർ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. തെറ്റിനോട് സന്ധിയില്ല. ക്രമക്കേടുകൾ കണ്ട കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഉത്തരവാദികളായവർക്കെതിരെ നടപടികൾ സ്വീകരിച്ചു. കണ്ണൂരിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു കഴിഞ്ഞു.
തെറ്റ് ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂർ നഗരപാത വികസനത്തിന്റെ ആദ്യ ഘട്ട ടെണ്ടർ നടപടികൾ പുരോഗിക്കുകയാണ്. ഒരാഴ്ചയ്ക്കകം ഇത് പൂർത്തിയാകും. കണ്ണൂർ പട്ടണത്തിന്റെ ഗതാഗത കുരുക്ക് പരിഹരിക്കുകയെന്നത്.സംസ്ഥാനത്തിന്റെ തന്നെ ആവശ്യമാണ്. മേലെചൊവ്വ അടിപ്പാതാ നിർമ്മാണത്തിനുള്ള എസ്റ്റിമേറ്റ് പുതുക്കി നൽകി. ആർബിഡിസിയ്ക്കാണ് നിർമ്മാണ ചുമതല. തെക്കീ ബസാർ മേൽപാലത്തിനുള്ള സ്ഥലമേറ്റെടുപ്പ് തുടരുന്നു. ഇവിടെ പുനരധിവാസ പാക്കേജിന് രൂപം നൽകി. ഇതിന് സർക്കാർ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ആസ്തികളുടെ മൂല്യനിർണ്ണയം നടക്കുകയാണ്. വിമാനത്താവള റോഡ് വികസനം കാര്യക്ഷമമാക്കും. ഈ പ്രവർത്തനങ്ങൾ നല്ല ജനപിന്തുണയാണ് ലഭിക്കുന്നത്-മന്ത്രി പറഞ്ഞു. കണ്ണൂരിനെ ഗതാഗതക്കുരുക്കിൽ നിന്നും രക്ഷപ്പെടുത്തുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും എല്ലാവരുടേയും പിന്തുണ വേണമെന്നും മന്ത്രി അഭ്യർഥിച്ചു