കോവിഡ് കാലത്ത് ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിച്ച സംസ്ഥാനം കേരളമാണെന്ന് യൂണിസെഫ് പഠനം. ഇന്ത്യ കേസ് സ്റ്റഡി എന്ന തലക്കെട്ടില്‍ യൂണിസെഫ് നടത്തിയ പഠനത്തിലാണ് കേരളത്തിന്റെ മികവ് പ്രത്യേകം എടുത്ത് കാട്ടിയത്. പഠനത്തിന്റെ വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ചു.
സാക്ഷരതാ നിരക്കില്‍ ഒന്നാമതായ കേരളം, പാന്‍ഡെമിക് സമയത്ത് വെല്ലുവിളികളെ അതിജീവിച്ച് മികച്ച രീതിയില്‍ ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിക്കാന്‍ കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് തുല്യമോ മികച്ചതോ ആയ പഠനം ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ കേരളത്തില്‍ നടപ്പാക്കിയെന്നാണ് ചെറുപ്പക്കാരും കൗമാരക്കാരുമായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ 70 ശതമാനം പേരുടെയും അഭിപ്രായമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കേരളത്തിലെ സാങ്കേതിക സൗകര്യങ്ങള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ വെല്ലുവിളികളെ അതിജീവിച്ചു. വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതില്‍ ഏറ്റവും സജീവമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നുമാണ് യൂണിസെഫ് റിപ്പോര്‍ട്ടില്‍ പറയുന്നത്.