ഇരിട്ടി : മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ മൂന്ന് ദിവസമായി ആറളം വന്യജീവി സങ്കേതത്തിൽ നടന്നുവന്ന 22 -ാമത് ചിത്രശലഭ നിരീക്ഷണ സർവേ സമാപിച്ചു. വന്യജീവി സങ്കേതത്തിലെ പൂക്കുണ്ട്, മീൻമുട്ടി, ചാവച്ചി, കരിയംകാപ്പ്, കുരുക്കത്തോട്, പൊട്ടൻപ്ലാവ്, ഭൂതംകല്ല്, അമ്പലപ്പാറ, പരിപ്പുതോട്, കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ കൊട്ടിയൂർ, സൂര്യമുടി എന്നീ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സർവേ. അൻപതോളം ശലഭ നിരീക്ഷകർ പങ്കെടുത്ത സർവേക്ക് ആറളം വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ എൻ.അനിൽകുമാർ, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രദീപൻ കാരായി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിനു കായലോടൻ, കൺസർവേഷൻ ബയോളജിസ്റ്റ് എം.എ. യദുമോൻ, പ്രശസ്ത ചിത്രശലഭ നിരീക്ഷകരായ ബാലകൃഷ്ണൻ വളപ്പിൽ, വി.കെ. ചന്ദ്രശേഖരൻ എന്നിവർ നേതൃത്വം നൽകി.
പീറീഡേ കുടുംബത്തിൽ പെട്ട ആൾബസ്‌ട്രോസ് ശലഭങ്ങളുടെ ദേശാടനത്തിന് പുറമേ ശലഭ വൈവിധ്യങ്ങളെക്കുറിച്ചുള്ള പഠനവും നടന്നു. കഴിഞ്ഞ 21 വർഷത്തെ സർവേയിൽ 262 സ്പീഷ്യസിൽ പെട്ട ശലഭങ്ങളെയാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്. ശലഭ വൈവിധ്യം ആറളം വന്യജീവി സങ്കേതത്തിന്റെ ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു. ചീങ്കണ്ണി പുഴയോരത്തും ഉരുട്ടി പുഴയോരത്തുമുള്ള മണൽത്തിട്ടകളിൽ മഡ് പഡ്‌ലിംഗ് (കൂട്ടം ചേരൽ) നിരീക്ഷിച്ചിട്ടുണ്ട്. ഈ മണൽത്തിട്ടകൾ ഇവയ്ക്ക് ആവശ്യമായിട്ടുള്ള അപൂർവ ധാതുലവണങ്ങളുടെ ശേഖരങ്ങളാണ്. അതുകൊണ്ടുതന്നെ ഈ മണൽത്തിട്ടകൾ സംരക്ഷിക്കേണ്ടതും ആവശ്യമാണ്.
ഈ വർഷത്തെ സർവേയിൽ 156 ഇനം ശലഭങ്ങളെയാണ് കണ്ടെത്തിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ആൾബസ്‌ട്രോസ് ശലഭങ്ങളുടെ ദേശാടനത്തിൽ വലിയ കുറവാണ് കാണാനായത്. മുൻ വര്ഷങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് പുഴയോരത്തെ മണൽത്തിട്ടകളുടെ നാശവും കാലംതെറ്റി നീണ്ടുനിന്ന മഴയും പുഴയോരത്തെ കൂട്ടംചേരലിന് ശലഭങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സർവേയോടൊപ്പം സർവേയോടൊപ്പം പ്രശസ്ത ചിത്രശലഭ ബാലകൃഷ്ണൻ വളപ്പിലിന്റെ നേതൃത്വത്തിൽ നിശാ ശലഭങ്ങളുടെ കണക്കെടുപ്പും നടത്തി വരുന്നുണ്ട്.
ഈ വര്ഷം നടന്ന സർവേയിൽ ആറളത്തു ആദ്യമായി വെള്ളിവര നീലി (white- tipped lineblue ) എന്ന ശലഭത്തെ കണ്ടെത്തി. ഇതോടെ ഇവിടെ കണ്ടെത്തുന്ന ശലഭങ്ങളുടെ എണ്ണം 263 ആയി.