രാജ്യം നേരിടുന്ന ഗുരുതരമായ കല്‍ക്കരിക്ഷാമം കേരളത്തേയും ബാധിക്കുന്നു. ഊർജപ്രതിസന്ധി സംസ്ഥാനത്തെ ബാധിച്ചുകഴിഞ്ഞതായും ഇതിനെ നേരിടാൻ സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ ആയിരം മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. കൂടംകുളത്ത് നിന്ന് 30 ശതമാനം മാത്രമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. കല്‍ക്കരി ക്ഷാമം ഉടന്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടാണ് പവര്‍കട്ടിലേക്ക് പോകേണ്ടിവരുമെന്ന് പറയുന്നത്. വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് കെ.എസ്.ഇ.ബി കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. ജനങ്ങള്‍ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിട്ടുണ്ട്-മന്ത്രി പറഞ്ഞു.
രാജ്യത്ത് കല്‍ക്കരിയുടെ ലഭ്യതയില്‍ വലിയതോതിലുള്ള ഇടിവ് നേരിട്ടതിനാല്‍ കേരളത്തിന് പുറത്തുനിന്നും ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ വ്യാഴാഴ്ച വരെ ഏകദേശം 220 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടാകും. ഈ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമം നടത്തുന്നതിനാല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നാണ് കെ.എസ്.ഇ.ബി പറയുന്നതെങ്കിലും കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുകയും പ്രതിസന്ധി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ പറഞ്ഞു.
കേരളത്തെ സംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജലവൈദ്യുത പദ്ധതികളെയാണ് കേരളം വൈദ്യുതി ഉത്പാദനത്തിന് ആശ്രയിക്കുന്നത്. എന്നാല്‍ അതുകൊണ്ട് കേരളത്തില്‍ പ്രതിസന്ധിയുണ്ടാകില്ലെന്ന് പറയാന്‍ കഴിയില്ല. സംസ്ഥാനത്തിന് മൊത്തം ആവശ്യമുള്ളതില്‍ 20 ശതമാനം മാത്രമാണ് ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ലഭിക്കുന്നത്. കേന്ദ്ര വിഹിതം വെട്ടിക്കുറച്ച സാഹചര്യത്തില്‍ കാര്യങ്ങള്‍ നിയന്ത്രണത്തിന് അപ്പുറത്തേക്ക് പോയാല്‍ കേരളത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും.
കൽക്കരിക്ഷാമം രൂക്ഷമായതോടെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിത്തുടങ്ങി. കല്‍ക്കരിയുടെ ദൗര്‍ലഭ്യമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. രാജ്യത്തിന് ആവശ്യമായ 70 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കുന്നത് താപ വൈദ്യുത നിലയങ്ങളില്‍ നിന്നാണ്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഡല്‍ഹി, ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രതിസന്ധി രൂക്ഷമാകുന്നത്.
താപനിലയങ്ങളിലെ പ്രവര്‍ത്തനം നിലച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സംസ്ഥാനങ്ങള്‍ ബദല്‍ മാര്‍ഗങ്ങള്‍ ആരംഭിച്ച് തുടങ്ങി. പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഉത്തര്‍പ്രദേശില്‍ 14 താപവൈദ്യുത നിലയങ്ങള്‍ കല്‍ക്കരി ദൗര്‍ലഭ്യത്തെ തുടര്‍ന്ന് അടച്ച് പൂട്ടി. സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില്‍ അഞ്ച് മണിക്കൂര്‍ വരെ പവര്‍ക്കട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഡല്‍ഹി സമ്പൂര്‍ണ ബ്ലാക്ക്ഔട്ടിലേക്ക് പോകുന്ന സാഹചര്യമുണ്ട്.
രാജ്യത്ത് നിലവിലുള്ള പ്രതിസന്ധിക്ക് നാല് പ്രധാന കാരണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. ഊര്‍ജോത്പാദനത്തിന് ആവശ്യമായ കല്‍ക്കരിയുടെ ആവശ്യം ഗണ്യമായി ഉയര്‍ന്നതാണ് പ്രധാന കാരണം. സെപ്റ്റംബര്‍ മാസത്തില്‍ ഖനി മേഖലയില്‍ പെയ്ത കനത്ത മഴ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഉത്പാദനത്തേയും വിതരണത്തേയും ഇത് ബാധിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്ത കല്‍ക്കരിയുടെ വില വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. നമ്മുടെ ആവശ്യത്തിന്റെ 25 ശതമാനത്തില്‍ അധികവും ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി ഉപയോഗിച്ചാണ് ഉത്പാദിക്കുന്നത്. അതോടൊപ്പം തന്നെ കരുതല്‍ ശേഖരണമുണ്ടായതുമില്ല.
ആഗോള പ്രതിസന്ധിയാണെങ്കിലും മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്താതിരുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്. കോവിഡ് മഹാമാരിക്കാലത്തെ വൈദ്യുതി ഉപയോഗത്തെക്കാള്‍ കൂടുതലാകും വരാനിരിക്കുന്നതെന്ന് മുന്‍കൂട്ടിക്കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നതാണ് വസ്തുത. ഈ പ്രതിസന്ധി അത്ര എളുപ്പത്തില്‍ അവസാനിക്കുന്ന ഒന്നല്ല. ഖനി മേഖലയില്‍ കാര്യങ്ങള്‍ സാധാരണഗതിയിലേക്ക് തിരിച്ചെത്താന്‍ ഇനിയും സമയം വേണ്ടിവരും. അതുകൊണ്ട് തന്നെ സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോകാന്‍ സാധ്യതയുണ്ട്.