പേരാവൂർ: ക്ഷീര കർഷകരെ പട്ടിണിയിലാക്കുന്ന മിൽമയുടെ കർഷക വിരുദ്ധ നടപടി പിൻവലിപ്പിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടമെന്ന് അഡ്വ.സണ്ണി ജോസഫ് എംഎൽഎ. ക്ഷീരകർഷകരിൽ നിന്നും ക്ഷീരോത്പാദക സംഘങ്ങൾ വഴി ശേഖരിക്കുന്ന പാലിൻ്റെ അളവ് ഗണ്യമായി കുറച്ച മിൽമയുടെ ഉത്തരവ് പുന:പരിശോധിച്ച്, കോവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന കർഷകരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കണമെന്ന് അഡ്വ.സണ്ണി ജോസഫ് എംഎൽഎ മിൽമ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പൊതുവിൽ പ്രതിസന്ധി നേരിടുന്ന കാർഷിക മേഖലയെ കൂനിൽമേൽ കുരു എന്ന പോലെയാണ് ഈ തീരുമാനം ബാധിച്ചിരിക്കുന്നതെന്നും ക്ഷീരകർഷകരുടെ താത്പര്യത്തിനു പകരം കച്ചവട മനസോടെ പ്രവർത്തിക്കുന്ന മിൽമയുടെ തീരുമാനത്തിൽ സർക്കാർ നടപടി സ്വീകരിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു. ക്ഷീര കർഷകർ പ്രതികാത്മ സമരങ്ങൾ നടത്തി വരികയാണ്. എടത്തൊട്ടി ക്ഷീരോത്പാദക സഹകരണ സംഘം സന്ദർശിച്ച എംഎൽഎ ക്ഷീര സംഘം ഭരണ സമിതിയംഗങ്ങളുമായും ജീവനക്കാരുമായും ചർച്ച നടത്തി. വിഷയത്തിൽ ഇടപെടണമെന്ന് മുഖ്യമന്ത്രിയോടും എംഎൽഎ ആവശ്യപ്പെട്ടു. ക്ഷീര കർഷകരുടെ ദുരിതം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും ക്ഷീര കർഷകരെ സമരത്തിലേക്കിറക്കുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ ഇടപെടുകയാണ് വേണ്ടതെന്നും എംഎൽഎ ആവശ്യപ്പെട്ടു.