കണ്ണൂര്‍: നഗരത്തില്‍ നിയന്ത്രണം ശക്തമാക്കി ജില്ലാ ഭരണകൂടം. ഇന്നലെ നടത്തിയ വാഹന പരിശോധനയ്ക്ക് കണ്ണൂര്‍സിറ്റി പോലീസ് കമ്മീഷണർ ആര്. ഇളങ്കോയും ജില്ലാ കളക്ടർ ടി.വി. സുഭാഷും നേരിട്ടെത്തി നേതൃത്വം നല്കി.
പ്രഭാത് ജംഗ്ഷനിലാണ് എസ്പിയും കളക്ടറും വാഹന പരിശോധന നടത്തിയത്. ഇതുവഴി വന്ന മുഴുവന്‍ വാഹനങ്ങളെയും പരിശോധിച്ചാണ് കടത്തിവിട്ടത്. യാത്രയുമായി ബന്ധപ്പെട്ട രേഖകള്‍ കൈവശമുണ്ടോ എന്ന് പരിശോധിച്ചു. അനാവശ്യ യാത്രയാണെന്ന് തോന്നിയവരെ ശാസിക്കുകയും ബോധവത്കരിക്കുകും ചെയ്തു.
കൂടാതെ വാഹനങ്ങളില്‍ യാത്രക്ക് അനുമതി നല്‍കിയതില്‍ കൂടുതലാളുകള്‍ യാത്ര ചെയ്യുന്നുണ്ടോ, മാസ്ക്, സാനിറ്റൈസര്‍ എന്നിവ കരുതിയിട്ടുണ്ടോ എന്നും പരിശോധിച്ചു. അനാവശ്യ യാത്ര പൂര്‍ണമായും ഒഴിവാക്കണമെന്നാണ് യാത്രക്കാര്‍ക്ക് പോലീസ് നല്കുന്ന നിര്‍ദേശം നൽകി.
കണ്ണൂര്‍ നഗരത്തിന് പുറമെ ചക്കരക്കല്‍, ഏച്ചൂര്‍, മമ്പറം എന്നിവിടങ്ങളിലെല്ലാം കൂടുതല്‍ പരിശോധന നടത്തുന്നുണ്ട്.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ ഇന്നലെ രാവിലെ ആറുമുതല്‍ ചന്തകള്‍, ബസ്സ്റ്റാൻഡ്, റെയില്‍വെ സ്റ്റേഷന്, ഭക്ഷണശാല, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ പോലീസ് പരിശോധന നടത്തണമെന്ന് കഴിഞ്ഞ ദിവസം ഡിജിപി ഉത്തരവിറക്കിയിരുന്നു. പൊതുസ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാകുകയോ സാമൂഹിക അകലം പാലിക്കാതിരിക്കുകയോ ചെയ്താല്‍ അതാത് മേഖലകളിലെ എസ്എച്ച്ഒമാര്ക്കായിരിക്കും ഉത്തരവാദിത്വം.
അതുപോലെ കടകള്‍ക്ക് മുമ്പില്‍ സാമൂഹിക നിയന്ത്രണം പാലിക്കാന്‍ വട്ടം വരച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും പോലീസിന് നിര്‍ദേശമുണ്ട്.
കണ്ടെയ്ന്മെന്റ് സോണുകളിലടക്കം പോലീസ് പരിശോധനയും രാത്രികാല പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവരില്‍ നിന്നും പിഴയീടാക്കുകയും അനാവശ്യ യാത്രചെയ്യുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്നുണ്ട്.
വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞു. ബ്രിട്ടീഷ് വകഭേദം വന്ന കോവിഡ് ഏറ്റവും കൂടുതൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളളത് കണ്ണൂരിലാണെന്ന് കളക്ടർ ടി.വി. സുഭാഷ് പറഞ്ഞു.
അതിനാൽ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, തുടങ്ങി ജില്ലാഅതിർത്തി കടന്ന് എത്തുന്നവരുടെ വിവരങ്ങൾ കൃത്യമായി ശേഖരിക്കും. ജില്ലയിലെ കോവിഡ് വ്യാപനം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന ശക്തമാക്കിയത്. നിലവില്‍ കോവിഡ് രോഗികള്‍ക്ക് കിടക്കകള്‍ ഇല്ലാത്ത സാഹചര്യമില്ല. സ്വകാര്യ ആശുപത്രികളിലും എഴുപത്തിയൊന്ന് പഞ്ചായത്തുകളില്‍ എഴുപത് പഞ്ചായത്തുകളിലും ഡൊമിസിയല്‍ കെയര്‍ സെന്ററുകൾ ഒരുക്കിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.