മട്ടന്നൂർ: കോവിഡ് വ്യാപനത്തിന്റെയും മഴക്കാല രോഗവ്യാപന സാധ്യതയുടെയും സാഹചര്യത്തിൽ മട്ടന്നൂർ നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി.
അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ തൊഴിലാളികളെ പാർപ്പിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തുകയും പ്രാഥമിക സൗകര്യങ്ങൾ അടിയന്തരമായി ഏർപ്പെടുത്തുന്നതിന് കെട്ടിട ഉടമസ്ഥരോടും കോൺട്രാക്ടർമാരോടും നിർദേശം നൽകുകയും ചെയ്തു. ഇത്തരം താമസകേന്ദ്രങ്ങളിൽ ശുചിത്വ നിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ നിർദേശവും തൊഴിലാളികൾക്ക് നൽകി.
തൊഴിലാളികൾക്കു കോവിഡുമായി ബന്ധപ്പെട്ട എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ആരോഗ്യ വിഭാഗത്തിനെ അറിയിക്കാനും നിർദേശം നൽകി. താമസ സ്ഥലങ്ങൾ ശുചീകരിക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചു സൂക്ഷിച്ച് ഹരിതകർമസേനയ്ക്കു കൈമാറുന്നതിനും ആവശ്യപ്പെട്ടു.
കല്ലൂർ മരമില്ലിനോടു ചേർന്ന് അതിഥി തൊഴിലാളികളുടെ താമസകേന്ദ്രം ശുചിത്വരഹിതമായി കണ്ടതിനെത്തുടർന്ന് അന്തേവാസികളായ മിൽ തൊഴിലാളികളെ കൊണ്ടുതന്നെ ശുചീകരണം നടത്തിക്കുകയും കൈവശക്കാരന് പിഴ ചുമത്തുകയും ചെയ്തു.
മാസ്ക് ധരിക്കുന്നതിനും സാമൂഹ്യ അകലം പാലിക്കുന്നതിനും തൊഴിലാളികൾക്ക് നിർദേശം നൽകി. പരിശോധനയിൽ നഗരസഭാ സെക്രട്ടറി എസ്. വിനോദ്കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ രാഗേഷ് പാലേരി വീട്ടിൽ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിജോയ് കുമാർ കാര്യത്ത് എന്നിവർ പങ്കെടുത്തു.
previous post