കണ്ണൂർ: കോവിഡ് വ്യാപന ഭീതിയിൽ വിഷു വിപണിയും ഉണരാതെപോയതോടെ കിതച്ചുനിൽക്കുകയാണ് വ്യാപാരമേഖല. ആദ്യ ലോക്ക്ഡൗണിൽ നേരിട്ട സമാനതകളില്ലാത്ത പ്രതിസന്ധിയെ തരണം ചെയ്യാനുള്ള തീവ്രശ്രമങ്ങൾക്കിടെയാണ് വീണ്ടും കടുത്ത നിയന്ത്രണങ്ങളെത്തുന്നത്. ഇതോടെ കഴിഞ്ഞവർഷത്തെ സ്ഥിതിയിലേക്ക് വ്യാപാരമേഖല തിരികെപ്പോകുകയാണ്.
കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്. വിഷു, ഈസ്റ്റർ, റംസാൻ, അധ്യയനവർഷാരംഭം, കാലവർഷം തുടങ്ങിയ സീസണുകൾ മുന്നിൽക്കണ്ട് എത്തിച്ച ഭീമമായ തുകയുടെ സ്റ്റോക്കുകളാണ് കെട്ടിക്കിടക്കുകയോ വിറ്റഴിക്കാൻ കഴിയാത്ത വിധം നശിച്ചുപോകുകയോ ചെയ്തത്. ആ നഷ്ടങ്ങൾ നികത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. വില്പനയ്ക്കു യോഗ്യമായ ഉത്പന്നങ്ങൾ ഈ സീസണിലെങ്കിലും വിൽക്കാമെന്നു കരുതിയിരിക്കുന്പോഴാണ് പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീഴ്ത്തി വീണ്ടും കോവിഡ് വ്യാപിക്കുന്നത്. ഒപ്പം നിയന്ത്രണങ്ങളും.
കോവിഡ് അൺലോക്ക് പ്രക്രിയയുടെ ഭാഗമായി നിയന്ത്രണങ്ങൾ ഒഴിവായെന്നു കരുതി ലക്ഷക്കണക്കിന് രൂപ ചെലവിട്ട് ചെറുകിടവ്യാപാരികൾ പുതിയ സ്റ്റോക്ക് എത്തിച്ചിരുന്നു. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ അതും നശിച്ചുപോകുമോയെന്ന ആശങ്കയിലാണ് അവർ. നഷ്ടങ്ങൾ ആവർത്തിച്ചാൽ ആത്മഹത്യകൾ വരെ സംഭവിച്ചേക്കാമെന്ന് വ്യാപാരി വ്യവസായികൾ പറയുന്നു.
വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നവർക്ക് രണ്ടുമാസത്തെ വാടക ഇളവ് ചെയ്തുകൊടുത്തു എന്നതൊഴിച്ചാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് വ്യാപാരമേഖലയുടെ സംരക്ഷണത്തിനുവേണ്ടി കാര്യമായ ശ്രമങ്ങളൊന്നുമുണ്ടായില്ലെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. കഴിയുന്നത്ര കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് തങ്ങൾ വ്യാപാരം നടത്തുന്നത്. സാനിറ്റൈസർ എല്ലായിടത്തും ലഭ്യമാക്കിയിട്ടുണ്ട്. മാസ്കില്ലാതെ ആരെയും കടകളിൽ പ്രവേശിപ്പിക്കാറുമില്ല. കടകളിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ പ്രവേശനകവാടത്തിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. എങ്കിലും പോലീസിന്റെ കടുത്ത പരിശോധനയും കനത്ത പിഴയും തങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കൾ പറയുന്നു.
പലരും വലിയ തുക വായ്പയെടുത്തിട്ടാണ് കച്ചവടം തുടങ്ങിയിരിക്കുന്നത്. രണ്ടുലക്ഷം രൂപയുടെ സ്റ്റോക്ക് സൂക്ഷിച്ചിരിക്കുന്ന ഒരു കച്ചവടക്കാരന് ഏതാണ്ട് മുപ്പത് ലക്ഷം മുതൽ നാല്പതു ലക്ഷം വരെ കടമുണ്ട്. വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യാപാരികൾക്ക് ലഭിച്ചത് തിരിച്ചടവിനുള്ള കാലാവധിയിലെ ഇളവ് മാത്രമാണ്. പലിശയ്ക്ക് പലിശകൂടി കൊടുക്കേണ്ട സാഹചര്യത്തിലാണ് തങ്ങളെന്നാണ് വ്യാപാരികൾ പറയുന്നത്.
പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രി ഒന്പതിനുശേഷം കടകൾ തുറന്നുപ്രവർത്തിക്കാൻ അനുവാദമില്ല. പ്രാദേശികസ്ഥലങ്ങളിൽ ഏഴുവരെയെ സമയം അനുവദിച്ചിട്ടുള്ളൂ. റംസാൻ കാലത്ത് ഹോട്ടൽ പോലുള്ള സ്ഥാപനങ്ങളിൽ രാത്രിയാണ് കൂടുതൽ കച്ചവടമുണ്ടാകുന്നത്. സമയക്രമത്തിലുള്ള ഈ നിയന്ത്രണം ഇത്തരം സ്ഥാപനങ്ങൾക്ക് തിരിച്ചടിയാണ്. സർക്കാർ നിർദേശിക്കുന്ന ഹോം ഡെലിവറി സംവിധാനം പട്ടണങ്ങളിൽ മാത്രം സാധ്യമായതാണെന്നും മലയോരമേഖലയിൽ അത് അസാധ്യമാണെന്നും കച്ചവടക്കാർ പറയുന്നു. കൂടുതൽ സാന്പത്തികബാധ്യതയാണ് അതുണ്ടാക്കുന്നത്.
നിയന്ത്രണങ്ങൾ ലഘൂകരിച്ചും കൂടുതൽ ബോധവത്കരണം നടത്തിയും ഭക്ഷ്യധാന്യങ്ങൾ അന്യസംസ്ഥാനത്തുനിന്ന് കൊണ്ടുവരാൻ സാഹചര്യങ്ങളൊരുക്കിയും വായ്പകൾക്ക് പലിശയില്ലാ മോറട്ടോറിയം പ്രഖ്യാപിച്ചും ഹോട്ടൽ പോലുള്ള വ്യവസായങ്ങൾക്കെങ്കിലും റംസാൻ കാലത്ത് രാത്രി 11 വരെ പ്രവർത്തിക്കാൻ അനുമതി നൽകിയും ഈ സാഹചര്യത്തിൽ സർക്കാരിന് തങ്ങളെ സഹായിക്കാൻ കഴിയുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി പറഞ്ഞു