ഇരിട്ടി: വോട്ടെണ്ണാൻ മൂന്നാഴ്ച ബാക്കിയുണ്ടെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പേരാവൂരിൽ ഇടതു-വലതു മുന്നണികൾ തികഞ്ഞ വിജയപ്രതീക്ഷയിലാണ്. അപ്രതീക്ഷിത അടിയൊഴുക്കുകൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന ആത്മവിശ്വാസമാണ് നേതാക്കൾക്ക്. വോട്ടിംഗിലുണ്ടായ രണ്ടുശതമാനത്തോളം വർധന ആർക്ക് അനുകൂലവും പ്രതികൂലവുമാകുമെന്ന് പറയാൻ കഴിയാത്ത അവസ്ഥ. 2016 ലെ തെരഞ്ഞെടുപ്പിൽ പേരാവൂരിൽ 79 ശതമാനമായിരുന്നു പോളിംഗ്. അന്ന് സണ്ണി ജോസഫ് 7,989 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. ഇക്കുറി 80.91 ശതമാനമാണ് അന്തിമ വോട്ടിംഗ് ശതമാനം. പോളിംഗ് സ്റ്റേഷനുകളിൽ എത്തി 78.07 ശതമാനം പേർ വോട്ടു രേഖപ്പെടുത്തിയപ്പോൾ 2.84 ശതമാനം പേർ മറ്റുരീതിയിലും വോട്ട് രേഖപ്പെടുത്തി. 80ന് മുകളിൽ പ്രായമുള്ള 3,332 പേർ വീടുകളിൽ നിന്നു തന്നെ വോട്ടു ചെയ്തപ്പോൾ അവശ്യസർവീസ് വിഭാഗത്തിൽപ്പെട്ട 307 പേർ നേരത്തെ വോട്ടു ചെയ്തു. 1,472 പോസ്റ്റൽ വോട്ടുകളുമുണ്ടായി. ഇങ്ങനെയാണ് മണ്ഡലത്തിലെ പോളിംഗ് ശതമാനം മുൻ വർഷത്തെക്കാൾ ഉയർന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 76 ശതമാനമായിരുന്നു പോളിംഗ്. അന്ന് പേരാവൂർ മണ്ഡലത്തിൽ നിന്ന് 23,665 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ.സുധാകരന് ലഭിച്ചത്. നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളും നഗരസഭയും യുഡിഎഫിനൊപ്പമായിരുന്നു. ആറുമാസത്തിനിടയിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 6,300 വോട്ട് അധികം നേടി എൽഡിഎഫ് ഞെട്ടിച്ചു. ഈ മാറ്റത്തിലാണ് എൽഡിഎഫിന്റെ പ്രതീക്ഷ.
രാഹുൽ ഗാന്ധിയുടെ വരവും പ്രചാരണത്തിന്റെ അവസാന ലാപ്പിലുണ്ടായ ഉണർവുമാണ് യുഡിഎഫിന്റെ ആത്മവിശ്വാസം ഉയർത്തിയത്. അഭിപ്രായ സർവേകളിൽ എല്ലാം പേരാവൂർ കൈവിട്ടുപോകുമെന്ന പ്രവചനവും യുഡിഎഫിന്റെ പ്രചാരണത്തിൽ അടിമുടി മാറ്റമുണ്ടാക്കി. ഇത് ശക്തികേന്ദ്രങ്ങളിൽ മറ്റെല്ലാം മറന്നുള്ള പോരാട്ടത്തിന് ഊർജം പകർന്നു. യുഡിഎഫിൻറ ശക്തികേന്ദ്രമായ അയ്യൻകുന്നിൽ 3500നും 4000നും ഇടയിൽ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. ആറളത്ത് രണ്ടായിരവും. കേളകം, കണിച്ചാർ, കൊട്ടിയൂർ എന്നിവിടങ്ങിലും ഭൂരിപക്ഷം പിടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
എൽഡിഎഫിന്റെ പ്രതീക്ഷ പായവും ഇരിട്ടി നഗരസഭയുമാണ്. പായത്ത് 2500നും 3000നും ഇടയിൽ ഭൂരിപക്ഷം പ്രതീക്ഷിക്കുമ്പോൾ ഇരിട്ടി നഗരസഭയിൽ നിന്ന് രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്.സ്ഥാനാർഥി സക്കീർ ഹുസൈന്റെ ജന്മനാടും പ്രവർത്തന മണ്ഡലവുമാണ് ഈ ആത്മവിശ്വാസത്തിന് കാരണം. നഗരസഭയിൽ എൽഡിഎഫിന് മേൽക്കൈ ഉണ്ടാകുമെന്ന് യുഡിഎഫ് വിശ്വസിക്കുന്നുണ്ടെങ്കിലും അത് നേരിയ വ്യത്യാസം മാത്രമാണെന്ന് അവർ പറയുന്നു. മുഴക്കുന്നിലും പേരാവൂരിവും കേളകത്തും മുന്നിലെത്തുമെന്നും കണിച്ചാറും കൊട്ടിയൂരും ഒപ്പത്തിനൊപ്പവുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ.
കൊട്ടിയൂരിലും കണിച്ചാറിലും മോശമല്ലാത്ത ആധിപത്യം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. 5000നും 8000നും ഇടയിലുള്ള ഭൂരിപക്ഷമാണ് യുഡിഎഫ് സ്വപ്നം കാണുന്നത്. മുന്നണി സംവിധാനം ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞതും ഭരണവിരുദ്ധവികാരമില്ലാത്തതും അട്ടിമറി വിജയമുണ്ടാക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്.
പതിനായിരത്തിലധികം വോട്ടാണ് എൻഡിഎ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ മികച്ച പ്രകടനമായിരിക്കും മുന്നണിയുടേതെന്ന് എൻഡിഎ നേതാക്കൾ അവകാശപ്പെടുന്നു.
previous post