വൻ സജ്ജീകരണങ്ങളോടെയാണ് കളക്ടറേറ്റിൽ വെബ്കാസ്റ്റിംഗ് കൺട്രോൾ റൂം പ്രവർത്തിച്ചത്. വെബ് കാസ്റ്റിംഗ് നിരീക്ഷിക്കാനായി 150 അക്ഷയ സെന്റർ ജീവനക്കാരെയാണു നിയമിച്ചത്. ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളിൽ നടക്കുന്ന ഓരോ വിവരങ്ങളും സൂക്ഷ്മമായി വിലയിരുത്തി റെക്കോർഡ് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഓഫീസർകൂടിയായ ജില്ലാകളക്ടർ ടി.വി. സുഭാഷ് മുഴുവൻ സമയവും വെബ്കാസ്റ്റ് സെന്ററിൽ കാര്യങ്ങൾ നിരീക്ഷിച്ചു. ഏതെങ്കിലും ബൂത്തുകളിൽ പ്രശ്നം ഉണ്ടാകുകയാണെങ്കിൽ അവ പരിശോധിച്ച് ഉടൻ പട്രോളിംഗ് ടീമിനെ അയയ്ക്കാനുള്ള സംവിധാനം ഒരുക്കിയിരുന്നു. ജില്ലയിലെ പോളിംഗ് ബൂത്തുകളെ അതീവ പ്രശ്നസാധ്യതാ ബൂത്തുകൾ, പ്രശ്ന ബൂത്തുകൾ, സമാധാനപരമായി വോട്ട് രേഖപ്പെടുത്തുന്ന ബൂത്തുകൾ എന്നിങ്ങനെ തരംതിരിച്ചാണ് നിയന്ത്രിച്ചിരുന്നത്. വെബ്കാസ്റ്റ് വഴി ലഭ്യമാകുന്ന എല്ലാ വിവരങ്ങളും റെക്കോർഡ് ചെയ്തിട്ടുണ്ട്.
ബിഎസ്എൻഎലിന്റെയും കെഎസ്ഇബിയുടെയും വിപുലമായ സംവിധാനങ്ങളാണ് വെബ്കാസ്റ്റിംഗ് സെന്ററിൽ ഒരുക്കിയത്. തെരഞ്ഞെടുപ്പിന്റെ അധിക ട്രാഫിക്കിന്റെ ആവശ്യാർഥം അടിയന്തര ഘട്ടത്തിലെന്നോളം ബിഎസ്എൻഎൽ ഇന്റർനെറ്റ്, മൊബൈൽ നെറ്റ് വർക്ക് എന്നിവയുടെ ശേഷി വർധിപ്പിച്ചു. പോളിംഗ് ബൂത്തുകളിലെ ലൈവ് വെബ് കാസ്റ്റിംഗ് പൂർണമായും സജ്ജീകരിക്കാൻ ബിഎസ്എൻഎലിന്റെ ഫ്രഞ്ചൈസികളായിട്ടുള്ള 2010 ൽപരം ടെലികോം ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡേഴ്സിന്റെയും ലോക്കൽ കേബിൾ ഓപ്പറേറ്റേഴ്സിന്റെയും സഹായത്തിൽ ഫാസ്റ്റ് ട്രാക്ക് വഴി 24 ൽപ്പരം പുതുതായ കേബിൾ ഉപയോഗിച്ചു. വൈദ്യുതി മുടക്കമില്ലാതെ നൽകാൻ കെഎസ്ഇബിയും വലിയ ഇടപെടലാണു നടത്തിയത്. കൺട്രോൾ റൂമിൽ കെഎസ്ഇബി, ബിഎസ്എൻഎൽ, കെൽട്രോൺ, ഐടി മിഷൻ, പോലീസ്, ആർടിഒ, ഫയർഫോഴ്സ്, പിഡബ്യുഡി എന്നിവയുടെ കൂട്ടായ പ്രവർത്തനമാണ് ഒരുക്കിയത്.