കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമാക്കുന്നതിന് കര്‍ശന നിര്‍ദേശങ്ങളുമായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും പോളിംഗ് ഓഫീസര്‍മാര്‍ക്കും എഴുതിയ കത്തിലാണ് സഹായി വോട്ട്, കള്ളവോട്ട്, ആള്‍മാറാട്ടം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് കളക്ടര്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. പോളിംഗ് ബൂത്തില്‍ വോട്ടിംഗ് പ്രക്രിയ സുഗമവും നീതിയുക്തമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട പൂര്‍ണ ഉത്തരവാദിത്വം പ്രിസൈഡിംഗ് ഓഫീസര്‍ക്കാണെന്ന് കത്തില്‍ ഓര്‍മിപ്പിച്ചു.
സഹായി വോട്ട് നിരീക്ഷിക്കണം
അവശരായ വോട്ടര്‍ക്കുള്ള സഹായിയെ അനുവദിക്കുമ്പോള്‍ വോട്ടര്‍ ബാലറ്റ് യൂണിറ്റിലെ വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ നേരെയുള്ള ബട്ടണ്‍ അമര്ത്തുവാന് പ്രാപ്തിയുള്ള ആളാണെങ്കില്‍ വോട്ടിംഗ് കംപാര്‍ട്ട്മെന്റിന് അടുത്ത് വരെ വോട്ടറെ എത്തിക്കാന്‍ മാത്രമേ സഹായിയെ അനുവദിക്കാവൂ. വോട്ടിംഗ് കംപാര്‍ട്ട്മെന്റില്‍ വോട്ടറെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഇത്തരം കേസുകളില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ തീരുമാനം എടുക്കണം. സഹായിയെ ഉപയോഗപ്പെടുത്തി വോട്ട് ചെയ്യുവാന്‍ എത്തുന്നവരുടെ വിവരങ്ങള്‍ പ്രിസൈഡിംഗ് ഓഫീസര്‍ ഫോറം 14എയില്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന് ചട്ടം 49എന്‍ (2) പ്രകാരം വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ ബാലറ്റ് യൂണിറ്റിലെ വോട്ട് ബട്ടണ്‍ അമര്ത്തുവാന് ഒട്ടും പ്രാപ്തിയില്ലാത്ത വോട്ടര്‍മാരോടൊപ്പം വോട്ടിംഗ് കംപാര്‍ട്ട്മെന്റില്‍ പ്രവേശിച്ച സഹായിയുടെ വിവരങ്ങള്‍ മാത്രമാണ് ഇതില്‍ രേഖപ്പെടുത്തേണ്ടത്. വോട്ടിംഗ് കംപാര്‍ട്ട്മെന്റിന് പുറത്തുവരെ വോട്ടറെ അനുഗമിച്ച സഹായിയുടെ വിവരങ്ങള്‍ ഫോറം 14എയില്‍ ഉള്‍പ്പെടുത്തേണ്ടതില്ല.
49 എന്‍ (1) ചട്ടപ്രകാരം ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍മാരുടെ സഹായിയായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഈ വ്യവസ്ഥ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി വോട്ടറുടെ ഇടത് കൈയിലെ ചൂണ്ടു വിരലില്‍ മഷി പുരട്ടുന്നതിനോടൊപ്പം സഹായിയുടെ വലത് കയ്യിലെ ചൂണ്ടു വിരലിലും മഷി പുരട്ടണം. സഹായിയെ അനുവദിക്കുന്ന സന്ദര്‍ഭത്തില്‍ വലത് കയ്യിലെ ചൂണ്ടുവിരലില്‍ നേരത്തേ മഷി പുരട്ടിയിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതും ഇത്തരത്തില്‍ മഷി ഉണ്ടെങ്കില്‍ അയാളെ സഹായിയായി അനുവദിക്കരുതെന്നും ജില്ലാ കളക്ടര്‍ ഓര്‍മിപ്പിച്ചു.
മരിച്ചവർ, സ്ഥലം മാറിയവര്‍, നാട്ടില്‍ ഇല്ലാത്തവര്‍
എഎസ്ഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട മരിച്ചവര്‍, സ്ഥലം മാറിപ്പോയവര്‍, നാട്ടില്‍ ഇല്ലാത്തവര്‍ എന്നീ വോട്ടര്‍മാരുടെ വിവരങ്ങള്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പ്രത്യേകം ലഭ്യമാക്കും. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ട വോട്ടര്‍മാര്‍ വോട്ട് ചെയ്യാന്‍ ഹാജരാകുന്ന പക്ഷം തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡോ തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ച ആധികാരിക ഫോട്ടോ തിരിച്ചറിയല്‍ രേഖയോ ഹാജരാക്കണം. ഇത്തരത്തില്‍ ഹാജരാക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ പ്രിസൈഡിംഗ് ഓഫീസര്‍ തന്നെ പരിശോധിക്കേണ്ടതും അത് സംബന്ധിച്ച വിവരങ്ങള്‍ ഫോം 17എയില്‍ രേഖപ്പെടുത്തേണ്ടതുമാണ്. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ട വോട്ടര്‍ വോട്ട് ചെയ്യുവാന്‍ ഹാജരായാല്‍ ഫസ്റ്റ് പോളിംഗ് ഓഫീസര്‍ വോട്ടറുടെ പേര് പോളിംഗ് ഏജന്റുമാരുടെ ശ്രദ്ധയില്പ്പെടുന്നവിധം വിളിച്ചു പറയണം. ഇത്തരത്തിലുള്ള വോട്ടറുടെ കൈയൊപ്പിന് പുറമെ വിരലടയാളം കൂടി ഫോം 17എ രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം. അക്ഷരാഭ്യാസമുള്ള വോട്ടര്‍മാര്‍ക്കും ഈ വ്യവസ്ഥ ബാധകമാണ്.
എഎസ്ഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട വോട്ടര്‍മാരില്‍ നിന്നും പട്ടിക 16 പ്രകാരമുള്ള സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കണം. പ്രസ്തുത വോട്ടര്‍മാരുടെ വിവരങ്ങള്‍ പ്രിസൈഡിംഗ് ഓഫീസര്‍ പ്രത്യേകം രേഖപ്പെടുത്തണം. ഇത്തരത്തില്‍ വോട്ട് അനുവദിച്ചത് സംബന്ധിച്ച സാക്ഷ്യപത്രം ലഭ്യമാക്കണം. വോട്ട് രേഖപ്പെടുത്തുന്ന എഎസ്ഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട വോട്ടറുടെ ഫോട്ടോ, ക്രമ നമ്പര്‍ എന്നിവ ഫസ്റ്റ് പോളിംഗ് ഓഫീസര്‍ കണ്ണൂര്‍ ജില്ലയില്‍ വികസിപ്പിച്ചതും തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാനത്ത് മുഴുവന്‍ നടപ്പാക്കുന്നതുമായ എഎസ്ഡി മോണിറ്റർ (ASD Monitor)
ആപ്ലിക്കേഷനില്‍ അപ്ലോഡ് ചെയ്യണം. കൂടാതെ ഈ ആവശ്യത്തിനായി പ്രത്യേകം ഉണ്ടാക്കിയ വരണാധികാരികള്‍, പ്രിസൈഡിംഗ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലും ഫോട്ടോയും ക്രമനമ്പറും അയക്കുകയും വേണം.
ആള്മാറാട്ടത്തിനെതിരേ കര്‍ശന നടപടി
മാസ്ക്, ശരീരം മൂടിയുള്ള വസ്ത്രം എന്നിവ ദുരുപയോഗം ചെയ്ത് ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്യുന്നത് കണ്ടെത്തിയാല്‍ കുറ്റക്കാരെ നിയമാനുസൃതം പൊലീസ് അധികൃതര്‍ക്ക് കൈമാറുന്നതിനുള്ള നടപടികള്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ സ്വീകരിക്കണം.