കണ്ണൂർ: 2020-21 വർഷത്തെ പദ്ധതി വിനിയോഗത്തിൽ സംസ്ഥാന തലത്തിൽ കണ്ണൂർ കോർപറേഷൻ ഒന്നാമത്. പദ്ധതി തുകയിൽ 82.60 ശതമാനം ചെലവഴിച്ചാണ് സംസ്ഥാനത്തെ ആറു കോർപറേഷനുകളിൽ കണ്ണൂർ കോർപറേഷൻ ഒന്നാമതെത്തിയത്. സർക്കാർ പദ്ധതി വിഹിതമായി അനുവദിച്ച 74.73 കോടി രൂപയിൽ 61.73 കോടി രൂപയും ചെലവഴിക്കാനായി. കോർപറേഷനിലെ മുഴുവൻ ആളുകളുടെയും പിന്തുണ കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായതെന്നും ഇതിനു വേണ്ടി കഠിന പ്രയത്നം നടത്തിയ കൗൺസിലർമാർ, നിർവഹണ ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർക്ക് മേയർ ടി.ഒ. മോഹനൻ നന്ദി രേഖപ്പെടുത്തി.