പോളിംഗ് ബൂത്തിലെത്തുന്ന വോട്ടര്‍മാരെ തിരിച്ചറിയാനായി മാസ്ക് മാറ്റാന്‍ നിര്‍ദേശിക്കണമെന്നും കണ്ണൂര്‍ ജില്ലയിലെ ഏഴ് മണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകളിലെ നടപടികള്‍ ഓണ്‍ലൈനില്‍ കാണാന്‍ കഴിയുന്ന വെബ് കാസ്റ്റിംഗിന്റെ ലിങ്ക് ജനങ്ങള്‍ക്ക് നല്‍കണമെന്നുമാവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി ഏഴിനു പരിഗണിക്കാനായി മാറ്റി. കോവിഡ് സാഹചര്യത്തില്‍ ബൂത്തിലെത്തുന്ന വോട്ടര്‍മാരുടെ മാസ്ക് മാറ്റാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.
കോണ്‍ഗ്രസ് മാടായി ബ്ലോക്ക് പ്രസിഡന്റ് പി.പി. കരുണാകരനാണ് ഹര്‍ജി നല്‍കിയത്. കണ്ണൂര്‍, തളിപ്പറമ്പ്, തലശേരി, ധര്‍മടം, പേരാവൂര്‍, പയ്യന്നൂര്‍, കല്യാശേരി എന്നീ മണ്ഡലങ്ങളിലെ വെബ് കാസ്റ്റിംഗ് ലിങ്ക് ജനങ്ങള്‍ക്കു ഷെയര്‍ ചെയ്യണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടു.
വെബ് കാസ്റ്റിംഗ് ലിങ്ക് പൊതുജനങ്ങള്‍ക്കു നല്‍കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും കഴിഞ്ഞ തവണ ലിങ്ക് ജനങ്ങള്‍ക്ക് ഷെയര്‍ ചെയ്തത് സോഫ്റ്റ് വെയര്‍ പ്രശ്നങ്ങളുണ്ടാക്കിയെന്നും തെരഞ്ഞെടുപ്പു കമ്മീഷന് വിശദീകരിച്ചു. തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്.