ഇരിട്ടി: കെ എസ് ടി പി റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണ പ്രവ്യത്തി പൂർത്തിയായിവരുന്ന തലശേരി- വളവുപാറ അന്തർ സംസ്ഥാന പാതയുടെ രണ്ടാം റീച്ചിലെ പണി അവസാന ഘട്ടത്തിലേക്ക്. ഇതിൽ ഇരിട്ടി , കൂട്ടുപുഴ പാലങ്ങളുടെ നിർമ്മാണമാണ് പൂർത്തിയാവാൻ ഉണ്ടായിരുന്നത്. ഇരിട്ടി പാലത്തിന്റെ പ്രവർത്തി 99 ശതമാനവും പൂർത്തിയാക്കി ക്കഴിഞ്ഞു. കര്ണ്ണാടകത്തിന്റെ തടസ്സവാദം മൂലം പണി നിലച്ചു പോയ കൂട്ടുപുഴ പാലത്തിന് അനുമതിയായതോടെ നിർമ്മാണം ദ്രുതഗതിയിൽ നടക്കുകയാണ്. പാലത്തിന്റെ മൂന്നാമത്തെ സ്പാനിന്റെ നിർമ്മാണം പൂർത്തിയായി. രണ്ട് തൂണകൾ കൂടി ഏപ്രിനുള്ളിൽ പൂർത്തിയാക്കി കാലവർഷത്തിന് മുൻമ്പ് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഇരിട്ടി പാലത്തിന്റെ പായം ഭാഗത്തെ ഡിവൈഡറുകളുടെ പ്രവർത്തിയും സിഗ്നൽ ലൈറ്റുകളുടെ പ്രവർത്തിയും പൂർത്തിയായി വരുന്നു. ഇവകൂടി പൂർത്തിയാകുന്ന മുറക്ക് ഇരിട്ടി പാലം ഏതു നേരവും തുറന്നു കൊടുക്കാൻ കഴിയുന്ന വിധത്തിൽ പ്രവർത്തി പൂർത്തീകരിച്ചു കഴിഞ്ഞു.
ഇരിട്ടി പാലം പണി 99 ശതമാനവും പൂർത്തിയായതോടെ പാലത്തിന്റെ ഇരു വശങ്ങളിലും സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തിയാണ് നടന്നുവരുന്നത്. ഇരു വശങ്ങളിലുമായി ഒൻമ്പത് വീതം ലൈറ്റുകളാണ് സ്ഥാപിച്ചത്. തലശ്ശേരി മുതൽ വളവുപാറവരെ പാതയിൽ ആകെ 947 ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. ഒരു ലൈറ്റിന് 95000 രൂപ നിരക്കിൽ 8.99 കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്. പ്രധാന ടൗണുകളിലും കവലകളിലും 30മീറ്റർ ഇടപെട്ടാണ് ലൈറ്റ് സ്ഥാപിക്കുന്നത്. പൂർണ്ണമായും സോളാറിൽ പ്രവർത്തിക്കുന്നതിനാൽ വൈദ്യുതി ബിൽ ആരും അടക്കേണ്ടതുമില്ല. കളറോഡ് മുതൽ വളവുപാറ വരെയുള്ള ഭാഗങ്ങളിൽ കൂട്ടുപുഴ പാലം ഒഴിച്ച് മറ്റു ഭാഗങ്ങളിലെല്ലാം ഇവ സ്ഥാപിച്ചു കഴിഞ്ഞു . തലശേരി മുതൽ വളവുപാറ വരെയുള്ള ഭാഗങ്ങളിൽ നിർമ്മാണം പൂർത്തിയായി വരുന്നു.
ഇതിൽ സ്ഥാപിച്ച ലൈറ്റുകളിൽ ചിലത് പ്രകാശിക്കുന്നില്ലെന്ന പരാതികളും ഉയരുന്നുണ്ട്. ഇവ പരിശോധിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് കരാർ കമ്പിനി റിസഡന്റ് എഞ്ചിനീയർ പി.കെ. ജോയി പറഞ്ഞു. 365 കോടി രൂപ ചിലവിലാണ് 53 കിലോമീറ്റർ അന്തർ സംസ്ഥാന പാത നവീകരണം പൂർത്തിയാവുന്നത്. നേരത്തെ ഒറ്റ റീച്ചായി ടെണ്ടർ ചെയ്ത് പ്രവര്‍ത്തി പാതിവഴിയിൽ ഉപേക്ഷിച്ചതോടെ നിർമ്മാണത്തിലെ കാലതാമസം ഒഴിവാക്കാനാണ് രണ്ട് റീച്ചാക്കി ടെണ്ടർ ചെയ്തത്. രണ്ട് വർഷം മുൻമ്പ് പൂർത്തിയാക്കേണ്ട പ്രവ്യത്തി ഇരിട്ടി പുതിയ പാലം നിർമ്മാണത്തിലെ പ്രതിസന്ധിയും കൂട്ടുപുഴ പാലം നിർമ്മാണം കർണ്ണാടക വനം വകുപ്പ് തടഞ്ഞതിനെ തുടർന്നുണ്ടായ സ്തംഭനാവസ്ഥയും കാരണം മൂന്ന് തവണ നീട്ടി നൽകുകയായിരുന്നു. ഒന്നാം റീച്ചിൽപ്പെടുന്ന എരഞ്ഞോളി പാലത്തിന്റെ നിർമ്മാണവും പൂർത്തിയായിട്ടില്ല.