തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് കേരളാ ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിന്റെ പരിധിയിൽ വരുന്ന എല്ലാ പൊതു- സ്വകാര്യ വ്യവസായ സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് വേതനത്തോട് കൂടിയ അവധി നൽകണമെന്ന് ലേബർ കമ്മീഷണറുടെ ഉത്തരവ്. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്കും കരാർ, കാഷ്വൽ തൊഴിലാളികൾക്കും ഉത്തരവ് ബാധകമാണ്. ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്നവർക്ക് അവരുടെ പ്രദേശത്ത് പോയി വോട്ടു ചെയ്യുന്നതിന് വേതനത്തോട് കൂടിയ അവധി നൽകണം. അവധി നൽകുന്നതിന്റെ പേരിൽ തൊഴിലാളികളുടെ വേതനം കുറയ്ക്കുകയോ നൽകാതിരിക്കുകയോ ചെയ്താൽ തൊഴിലുടമയിൽ നിന്ന് 500 രൂപ വരെ പിഴ ഈടാക്കും.