എടൂർ: പേരാവൂർ നിയമസഭാമണ്ഡലത്തിലെ മുണ്ടയാംപറമ്പിൽ സിപിഎം അനുഭാവിയായ ബിഎൽഒയും പ്രിസൈഡിംഗ് ഉദ്യോഗസ്ഥനും റിട്ടേണിംഗ് ഉദ്യോഗസ്ഥരും സംഘടിതമായി തപാൽവോട്ട് അട്ടിമറിക്കാൻ ശ്രമം നടത്തിയതായി ആരോപണം. യുഡിഎഫ് പോളിംഗ് ഏജന്റുമാരെ അറിയിക്കാതെ ഉദ്യോഗസ്ഥരും ബിഎൽഒയും ഉൾപ്പെടുന്നവർ തപാൽ വോട്ടിംഗ് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് യുഡിഎഫ് സ്ഥാനാർഥി സണ്ണി ജോസഫ്, കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, ജെയ്സൺ തോമസ്, മനോജ് എം. കണ്ടത്തിൽ, മിനി വിശ്വനാഥൻ എന്നിവർ നേരിട്ടെത്തി തപാൽ വോട്ടിംഗ് അട്ടിമറിക്കാനുള്ള നീക്കം തടയുകയായിരുന്നു.
വോട്ടിംഗിനായി എത്തിയ സംഘത്തിലെ പ്രിസൈഡിംഗ് ഓഫീസർക്കും ദൃശ്യങ്ങൾ പകർത്താനെത്തിയ കാമറാമാനും മാത്രമാണ് ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡ് ഉണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന റിട്ടേണിംഗ് ഓഫീസർമാരിൽ ഒരാളുടെ ഐഡന്റിറ്റി കാർഡിൽ പേര് മാത്രമായിരുന്നു ഉണ്ടായിരുന്നത്. മറ്റൊരാളുടെ ഐഡന്റിറ്റി കാർഡിൽ പേരോ ഫോട്ടോയോ ഉണ്ടായിരുന്നില്ല എന്നതും തപാൽ വോട്ടിംഗിൽ ക്രമക്കേട് നടത്താൻ ശ്രമിച്ചുവെന്നതിന്റെ തെളിവായി യുഡിഎഫ് ഉന്നയിച്ചു. എല്ലാ സ്ഥാനാർഥികളുടെയും ഏജന്റുമാരെ അറിയിച്ചതിനുശേഷം തപാൽ വോട്ട് ചെയ്യുവാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു.