കണ്ണൂർ: സ്ഥാനാര്‍ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി ഓരോ നിയോജകമണ്ഡലത്തിലും മൂന്ന് വീതം ഫ്ളൈയിംഗ് സ്ക്വാഡുകൾ, സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം (എസ്എസ്ടി), വിഎസ്ടി, വിവിടി എന്നീ ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥാനാര്‍ഥികളുടെ പ്രചാരണവും അതിന് ചെലവിടുന്ന തുകയും നിരീക്ഷിക്കുന്നതിനായാണ് വിഎസ്ടി (വീഡിയോ സര്‍വെയലന്‍സ് ടീം), വിവിടി (വീഡിയോ വ്യൂവിംഗ് ടീം) എന്നിവ ഓരോ മണ്ഡലത്തിലും പ്രവര്‍ത്തിക്കുന്നത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, പോലീസ് ഉദ്യോഗസ്ഥന്, വീഡിയോഗ്രാഫര്‍ ഉള്‍പ്പെടുന്നതാണ് എസ്എസ്ടി. രേഖകളില്ലാതെയുള്ള പണം, നിയമാനുസൃതമല്ലാതെയുള്ള മദ്യം എന്നിവ ഉപയോഗിക്കുന്നത് നിരീക്ഷിക്കുന്നതിനായാണ് ടീമിനെ നിയോഗിച്ചിരിക്കുന്നത്.
ഓരോ നിയോജക മണ്ഡലങ്ങളിലെയും വിവിധ സ്ഥാനാര്‍ഥികളുടെ റാലികൾ, പൊതുപരിപാടികൾ, പ്രചാരണത്തിന് ഉപയോഗിക്കുന്ന പരസ്യങ്ങൾ, ബാനറുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന എല്ലാവിധ പ്രചാരണ സാമഗ്രികള്‍ക്കുമായി വിനിയോഗിക്കുന്ന ചെലവ് നിരീക്ഷിക്കുന്നതിനായാണ് വീഡിയോ സര്‍വെയലന്‍സ് ടീമുകള്‍ പ്രവര്‍ത്തിക്കുന്നത്.
സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന്റെ എല്ലാ ചെലവും സ്ഥാനാര്‍ഥിയുടെ അക്കൗണ്ടിലാണ് രേഖപ്പെടുത്തുക. കൃത്യമായ കണക്ക് ലഭ്യമാക്കുന്നതിനായാണ് വിഎസ്ടി ടീമുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഒരു വീഡിയോഗ്രാഫര്‍ ഉള്‍പ്പെടുന്ന ടീം ദിവസേന മണ്ഡലത്തില്‍ നടക്കുന്ന പരിപാടികള്‍ ചിത്രീകരിച്ച് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന വിവിടിക്ക് കൈമാറും. ഓരോ മണ്ഡലങ്ങള്‍ക്ക് മൂന്നുപേര്‍ വീതം 33 പേരാണ് വിവിടിയിലുള്ളത്. ഇവര്‍ വീഡിയോ പൂര്‍ണമായും കണ്ട് പ്രചാരണത്തിനും പൊതുപരിപാടികള്‍ക്കുമായി ഉപയോഗിച്ച സാമഗ്രികളുടെയും മറ്റും ലിസ്റ്റ് തയാറാക്കും. അക്കൗണ്ടിംഗ് ടീം ലിസ്റ്റ് പരിശോധിച്ച് ചെലവ് കണക്കാക്കും. ഓരോ മണ്ഡലങ്ങള്‍ക്കും രണ്ടുപേര്‍ വീതമാണ് അക്കൗണ്ടിംഗ് ടീമില്‍ പ്രവര്‍ത്തിക്കുന്നത്.