വാളയാറില്‍ പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ തുടരന്വേഷണം സിബിഐ ഉടന്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തുടരന്വേഷണം സിബിഐക്കു വിട്ട സര്‍ക്കാര്‍ വിജ്ഞാപനത്തിലെ പിഴവു തിരുത്തണമെന്നാവശ്യപ്പെട്ട് അമ്മ നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് സിംഗിള്‍ബെഞ്ചിന്റെ നിര്‍ദേശം.
വിജ്ഞാപനത്തില്‍ മൂത്ത കുട്ടിയുടെ മരണത്തെക്കുറിച്ചു മാത്രമാണു പറയുന്നതെന്നും രണ്ടു കുട്ടികളുടെയും മരണം സിബിഐ അന്വേഷിക്കണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെട്ടിരുന്നു. നേരത്തേ ഹര്‍ജി പരിഗണിച്ചപ്പോള്‍ പിഴവു തിരുത്തി പുതിയ വിജ്ഞാപനം ഇറക്കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്വേഷണം സിബിഐക്കു വിട്ടുകൊണ്ടുള്ള വിജ്ഞാപനമല്ലാതെ അനുബന്ധ രേഖകള്‍ കൈമാറിയില്ലെന്ന് സിബിഐക്കുവേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ മറുപടി നല്കി.
തുടര്‍ന്ന് കേസിന്റെ ലഘുവിവരണം, എഫ്ഐആറിന്റെ പകര്‍പ്പ്, അന്വേഷണ വിവരങ്ങള്‍ തുടങ്ങിയവ കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ഹൈക്കോടതിയിൽ ഇന്നലെ ഹര്‍ജി വീണ്ടും പരിഗണനയ്ക്കുവന്നപ്പോള്‍ രേഖകള്‍ കൈമാറിയെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചു. രേഖകള്‍ ലഭിച്ചെന്നും കേസന്വേഷണം ഏറ്റെടുക്കുന്നതിന്റെ പ്രായോഗികത വ്യക്തമാക്കി സിബിഐയോടു റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി അസി. സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. ഈ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നും ഇതൊഴിവാക്കാന്‍ അന്വേഷണം ഏറ്റെടുക്കാന്‍ ഹൈക്കോടതിക്കു നേരിട്ടു നിര്‍ദേശിക്കാമെന്നും അസി. സോളിസിറ്റര്‍ ജനറല്‍ വിശദീകരിച്ചു.
തുടര്‍ന്നാണ് സിബിഐയുടെ കൊച്ചി യൂണിറ്റ് എസ്പിയോട് അന്വേഷണം ഉടന്‍ ഏറ്റെടുക്കാന്‍ നിര്‍ദേശിച്ചത്. ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ ഒരുക്കണമെന്നും ഹര്‍ജിക്കാരിക്ക് ആവശ്യമുണ്ടെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.