കണ്ണൂർ: ഒരുവർഷത്തെ ലോക്ഡൗണിന് ശേഷം ആദ്യ അൺ റിസർവ്ഡ് ട്രെയിനായ ഷൊർണൂർ-കണ്ണൂർ-ഷൊർണൂർ മെമു ജില്ലയിലെത്തി. ആദ്യമായാണ് മെയിൻ ലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂനിറ്റ് അഥവ മെമു സർവിസ് ജില്ലയിലെത്തുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉദ്ഘാടന ചടങ്ങുകളൊന്നുമുണ്ടായിരുന്നില്ല.
സ്റ്റേഷനുകളിൽ ടിക്കറ്റ് കൗണ്ടറുകൾ ചൊവ്വാഴ്ച മുതൽ തുറന്നുപ്രവർത്തിച്ചു.
മെമു ട്രെയിനുകളിൽ ജനറൽ, സീസൺ ടിക്കറ്റുകൾ അനുവദിക്കും. 12 കാർ റേക്കിൽ 915 സീറ്റ് അടക്കം 2634 പേർക്ക് യാത്രചെയ്യാം. 50 കിലോമീറ്റർവരെ 30 രൂപയാണ് നിരക്ക്.
ചൊവ്വാഴ്ച പുലർച്ച 4.30ന് ഷൊർണൂരിൽനിന്ന് പുറപ്പെട്ട് രാവിലെ 9.10നാണ് മെമു കണ്ണൂരിലെത്തിയത്. മാഹി-7.54, ജഗന്നാഥ ടെമ്പിൾ-7.59, തലശ്ശേരി-8.09, എടക്കാട്-8.24, കണ്ണൂർ സൗത്ത്-8.32 എന്നീ സ്റ്റേഷനുകളിലും മെമുവിന് സ്റ്റോപ്പുണ്ട്. പാസഞ്ചറിന് സ്റ്റോപ്പുണ്ടായിരുന്ന മുക്കാളി, ധർമടം എന്നീ ഹാൾട്ട് സ്റ്റേഷനുകളിൽ മെമു നിർത്തില്ല. വൈകീട്ട് 5.20നാണ് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന സമയമെങ്കിലും ചൊവ്വാഴ്ച 5.40 കഴിഞ്ഞാണ് ട്രെയിൻ പുറപ്പെട്ടത്.
കണ്ണൂർ സൗത്ത്-5.27, എടക്കാട്-5.36, തലശ്ശേരി-5.49, ജഗന്നാഥ ടെമ്പിൾ-5.54, മാഹി-5.59 എന്നിങ്ങനെയാണ് മറ്റു സ്റ്റേഷനുകളിൽ എത്തുന്ന സമയം. ചൊവ്വാഴ്ച കണ്ണൂരിൽനിന്ന് പുറപ്പെട്ട മെമുവിന് 92 ടിക്കറ്റുകളാണ് നൽകിയത്. 58 സീസൺ ടിക്കറ്റുകളും നൽകി. ഇതിൽ 40 എണ്ണവും പുതുക്കിയവയാണ്.
മെമു ഓടിത്തുടങ്ങിയതോടെ കോവിഡിന് ശേഷം ആദ്യമായി യാത്രക്കാർക്ക് ജനറൽ ടിക്കറ്റിൽ യാത്രചെയ്യാൻ അവസരമൊരുങ്ങി. ഇതുവരെ ടിക്കറ്റ് റിസർവ് ചെയ്താൽ മാത്രമേ പാസഞ്ചർ, എക്സ്പ്രസ് വണ്ടികളിൽപോലും യാത്ര അനുവദിച്ചിരുന്നുള്ളൂ. രാവിലെ കണ്ണൂരിലെത്തുന്ന മെമു മംഗളൂരുവിലേക്ക് നീട്ടണമെന്ന ആവശ്യവും ശക്തമാണ്.
ആദ്യമായി കണ്ണൂരിലെത്തിയ ഷൊർണൂർ-കണ്ണൂർ മെമു സർവിസിന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രക്കാർ സ്വീകരണം നൽകി.
ലോകോ ൈപലറ്റ് എം.എസ്. അശോകൻ, അസി. ലോകോ ൈപലറ്റ് എം. വിഷ്ണു എന്നിവരെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ തലശ്ശേരി റെയിൽവേ സ്റ്റേഷനിലും സ്വീകരണം നൽകി.