പിണറായിയിലെ വീടും സ്ഥലവും ഉള്‍പ്പെടെ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമയ്ക്കും ആകെ 86.95 ലക്ഷം രൂപയുടെ ഭൂസ്വത്ത്. പിണറായിയുടെ പേരില്‍ 51.95 ലക്ഷം രൂപയുടെയും ഭാര്യയുടെ പേരില്‍ 35 ലക്ഷം രൂപയുടെയും സ്വത്താണ് ഉള്ളത്. ബാങ്ക് നിക്ഷേപം, ഓഹരി ഇനങ്ങളില്‍ മുഖ്യമന്ത്രിക്ക് 204048 രൂപയും ഭാര്യയ്ക്ക് 2976717 രൂപയുമുണ്ട്.
ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ ജനവിധി തേടുന്ന പിണറായി വിജയന്റെ നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വിവരങ്ങള്‍. ഇതു പ്രകാരം പിണറായി വിജയന്റെ കൈയ്യിലുള്ളത് 10,000 രൂപയാണ്. റിട്ട. അധ്യാപിക കൂടിയായ കമലയുടെ കൈയ്യില്‍ 2000 രൂപയും.
തലശ്ശേരി എസ്ബിഐയില്‍ പിണറായി വിജയന് 78,048.51 രൂപയും പിണറായി സര്‍വ്വീസ് സഹകരണ ബാങ്കില്‍ 5400 രൂപയും നിക്ഷേപമുണ്ട്. കൈരളി ചാനലില്‍ 10,000 രൂപയുടെ 1000 ഷെയറും, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍ 500 രൂപയുടെ ഒരു ഷെയറും 100 രൂപ വില വരുന്ന ഒരു ഷെയര്‍ പിണറായി ഇന്‍ഡസ്ട്രിയല്‍ കോപ്പറേറ്റീവ് സൊസൈറ്റിയിലുമുണ്ട്. ഇതിന് പുറമേ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ (കിയാല്‍) ഒരു ലക്ഷം രൂപയുടെ ഓഹരിയുണ്ട്. കമലയ്ക്ക് രണ്ടു ലക്ഷം രൂപയുടെ ഓഹരിയും.
സ്വര്‍ണാഭരണങ്ങളൊന്നും സ്വന്തമായില്ല. ബാങ്ക് നിക്ഷേപവും ഷെയറുമടക്കം ആകെ 2,04,048.51 രൂപയുടെ നിക്ഷേപമുണ്ട്. ഇതിന് പുറമേ പിണറായിയില്‍ 8.70 ലക്ഷം രൂപ വിലവരുന്ന വീട് ഉള്‍പ്പെടുന്ന 58 സെന്റ് സ്ഥലവും പാതിരിയാട് 7.90 ലക്ഷം വില വരുന്ന 20 സെന്റ് സ്ഥലവും സ്വന്തമായുണ്ട്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ശമ്പളവും വരുമാനവുമാണ് പിണറായി വിജയന്റെ വരുമാനം.
സ്വന്തമായി വാഹനമോ ബാങ്ക് വായ്പയോ മറ്റു ബാധ്യതകളോ ഇല്ല. മുഖ്യമന്ത്രിക്കെതിരെ മൂന്ന് കേസുകളുമുണ്ട്. റിട്ടേണിങ് ഓഫീസറായ കണ്ണൂര്‍ എഡിസി (ജനറല്‍) ബെവിന്‍ ജോണ്‍ വര്‍ഗീസിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.