നിയമസഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള അവശ്യ സര്‍വ്വീസുകളില്‍ ജോലി ചെയ്യുന്നവര്‍ പോസ്റ്റല്‍ ബാലറ്റിനായി നല്‍കുന്ന 12 ഡി ഫോറത്തിലെ അപേക്ഷകള്‍ ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ബന്ധപ്പെട്ട വകുപ്പുകളും സ്ഥാപനങ്ങളുമാണ് നോഡല്‍ ഓഫീസര്‍മാരെ നിയമിക്കേണ്ടത്. ഇങ്ങനെ നോഡല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്താത്ത അപേക്ഷകള്‍ പോസ്റ്റല്‍ ബാലറ്റിനായി പരിഗണിക്കുകയില്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. അപേക്ഷകള്‍ മാര്‍ച്ച് 17ന് മുമ്പായി റിട്ടേണിംഗ്് ഓഫീസര്‍ക്ക് സമര്‍പ്പിക്കുകയും വേണം.
ആരോഗ്യം, പൊലീസ്, ഫയര്‍ ഫോഴ്‌സ്, എക്‌സൈസ്, ജയില്‍, മില്‍മ, വൈദ്യുതി, വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി, ട്രഷറി, ഫോറസ്റ്റ്, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ആകാശവാണി, ദൂരദര്‍ശന്‍, ബിഎസ്എന്‍എല്‍, റെയില്‍വേ, പോസ്റ്റല്‍ ടെലിഗ്രാഫ്, ഏവിയേഷന്‍, ആംബുലന്‍സ്, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍, ഷിപ്പിംഗ് എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. വോട്ടര്‍മാര്‍ ഓരോ നിയോജക മണ്ഡലത്തിലും പ്രത്യേകം സജ്ജമാക്കുന്ന പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രത്തില്‍ (പിവിസി) എത്തിയാണ് വോട്ട് ചെയ്യേണ്ടത്. പോസ്റ്റല്‍ ബാലറ്റ് വിതരണവും ഈ കേന്ദ്രത്തില്‍ വെച്ചായിരിക്കും. വോട്ടിംഗ് കേന്ദ്രം, വോട്ടിംഗിന്റെ തീയതി, സമയം എന്നിവ വോട്ടറെ എസ്എംഎസ്/ തപാല്‍ മാര്‍ഗത്തിലോ ബൂത്ത് ലെവല്‍ ഓഫീസര്‍ മുഖേനയോ അറിയിക്കും. വോട്ടര്‍ക്ക് നിശ്ചയിക്കപ്പെട്ട ദിവസം സര്‍വീസ് ഐഡന്റിറ്റി കാര്‍ഡുമായി ചെന്ന് വോട്ട് ചെയ്യാം. പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷിച്ചവര്‍ക്ക് ഇത്തരത്തില്‍ വോട്ടിംഗ് കേന്ദ്രത്തിലൂടെ മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂ. സ്ഥാനാര്‍ഥികള്‍ക്ക് അവരുടെ ഏജന്റുമാരെ കേന്ദ്രങ്ങളില്‍ നിയോഗിക്കാവുന്നതാണ്.
പോസ്റ്റല്‍ വോട്ടിന് അര്‍ഹതയുള്ള മറ്റ് മൂന്ന് വിഭാഗങ്ങളായ 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് ബാധിതരോ സംശയിക്കുന്നവരോ ആയ ആളുകള്‍ എന്നിവരും പോസ്റ്റല്‍ ബാലറ്റിനുള്ള 12 ഡി അപേക്ഷ മാര്‍ച്ച് 17നകം വരണാധികാരിക്ക് നല്‍കണമെന്നും അതിനു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു