28.6 C
Iritty, IN
September 23, 2023
  • Home
  • kannur
  • കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി അന്തരിച്ചു………..
kannur

കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി അന്തരിച്ചു………..

കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ (105) അന്തരിച്ചു. കൊയിലാണ്ടിയിൽ ചേലിയയിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന അതുല്യ പ്രതിഭയാണ് ഗുരു. കഥകളി, കേരള നടനം എന്നിവയിലെ അസാമാന്യ പ്രതിഭയായിരുന്നു അദ്ദേഹം.

കഥകളിക്കായി സ്വയം സമർപ്പിച്ച ഗുരു എട്ട് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിന് ശേഷമാണ് അരങ്ങൊഴിഞ്ഞത്. ഉത്തര മലബാറിലെ കഥകളി രംഗത്തെ പുനരുജ്ജീവിപ്പിച്ച ആചാര്യനായിരുന്നു. 100 വയസിന് ശേഷവും പല വേദികളിലും കഥകളി വേഷം കെട്ടിയിരുന്നു. അരങ്ങിൽ പകർന്നാടിയ ഗുരുവിന്റെ കൃഷ്ണ, കുചേല വേഷങ്ങൾ ആസ്വാദകർക്ക് എന്നും പ്രിയങ്കരമായിരുന്നു. കഥകളിയുടെ വടക്കൻരീതിയായ കല്ലടിക്കോടൻ ചിട്ടയുടെ പ്രചാരകരിൽ പ്രധാനിയായിരുന്നു അദ്ദേഹം.

മടൻകണ്ടി ചാത്തുകുട്ടി നായരുടേയും അമ്മുക്കുട്ടിയമ്മയുടെയും പുത്രനായി 1916 ജൂൺ 26നാണ് ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ജനനം. കഥകളിക്ക് പുറമെ കേരള നടനമെന്ന കലാരൂപത്തിന് പ്രചാരം നൽകുന്നതിലും ചേമഞ്ചേരി കുഞ്ഞിരാമൻ നായർ പ്രധാന പങ്കാണ് വഹിച്ചത്.

കൃഷ്ണനാണ് ഇഷ്ടവേഷം. ദുര്യോധന വധം, കുചേലവൃത്തം, സന്താനഗോപാലം, രുക്മിണീസ്വയംവരം തുടങ്ങിയ കഥകളിൽ കൃഷ്ണനായി അവതരിച്ച് കുഞ്ഞിരാമൻ നായർ കലാപ്രേമികളുടെ ഹൃദയംകവർന്നു. 1983 ഏപ്രിൽ 23-ന് ചേലിയയിൽ കഥകളിയുടെ പോഷണത്തിന് കഥകളിവിദ്യാലയം സ്ഥാപിച്ചു.

2017 ൽ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചു. 1979-ലെ കേരള സംഗീത നാടക അക്കാദമി അവാർഡ്, 1999-ൽ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, 2001-ൽ കലാരംഗത്തെ വിശിഷ്ടസേവനത്തിന് കലാമണ്ഡലം അവാർഡ്, 2002-ൽ കലാദർപ്പണം നാട്യ കുലപതി അവാർഡ്, മയിൽപ്പീലി പുരസ്കാരം, കേരള കലാമണ്ഡലം കലാരത്നം അവാർഡ് തുടങ്ങിയവയാണ് ലഭിച്ച മറ്റ് അംഗീകാരങ്ങൾ.

ആദ്യം നൃത്ത പഠനത്തിൽ തുടങ്ങി. ഭരത ഭരതനാട്യവും മോഹിനിയാട്ടവും കഴിഞ്ഞ് കഥകളി പഠനത്തിലായി പിന്നീട് ശ്രദ്ധ. പത്തു കൊല്ലം കേരളസർക്കാർ നടനഭുഷണം എക്സാമിനറായും മൂന്നു വർഷം തിരുവനന്തപുരം ദൂരദർശൻ നൃത്തവിഭാഗം ഓഡീഷൻ കമ്മിറ്റി അംഗമായും രണ്ടു വർഷം സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ അംഗമായും സേവനമനുഷ്ടിച്ചു.

ഗുരുവിനെ മുഖ്യകഥാപാത്രമായി നിർമിച്ച സിനിമയാണ് മുഖംമൂടികൾ. ജീവിതം മുഴുവൻ കഥകളിക്കായി ഉഴിഞ്ഞുവെച്ച കഥകളിയാചാര്യനായിട്ടാണ് അദ്ദേഹം വേഷമിട്ടത്. ഗുരുവിന്റെ ആത്മകഥ(ജീവിത രസങ്ങൾ) മാതൃഭൂമി ബുക്സാണ് പ്രസിദ്ധീകരിച്ചത്

Related posts

ചെ​ളി​ക്കു​ള​മാ​യി റോ​ഡു​ക​ൾ

𝓐𝓷𝓾 𝓴 𝓳

വ​ൺ ഇ​ന്ത്യ, വ​ൺ പെ​ൻ​ഷ​ൻ പ്ര​ചാ​ര​ണ വാ​ഹ​നജാ​ഥ നാ​ളെ മു​ത​ൽ

𝓐𝓷𝓾 𝓴 𝓳

സ്‌​കൂ​ള്‍ തു​റ​ക്കു​മ്പോ​ള്‍ ജാ​ഗ്ര​ത കൈ​വി​ട​രു​ത്: മു​ഖ്യ​മ​ന്ത്രി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox