ഇരിക്കൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായി കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫിനെ പ്രഖ്യാപിച്ചതിനു പിന്നാലെ കണ്ണൂർ ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കൾ പാർട്ടി ഭാരവാഹിത്വം രാജിവച്ചു.
എ ഗ്രൂപ്പിന്റെ കെപിസിസി ഭാരവാഹികളും ഡിസിസി, ബ്ലോക്ക്, മണ്ഡലം, ബൂത്ത് ഭാരവാഹികളുമാണ് സ്ഥാനങ്ങൾ രാജിവച്ചതെന്ന് എ ഗ്രൂപ്പ് നേതാക്കളും കെപിസിസി ജനറൽ സെക്രട്ടറിമാരുമായ സോണി സെബാസ്റ്റ്യൻ, എം.പി. മുരളി, സെക്രട്ടറിമാരായ ചന്ദ്രൻ തില്ലങ്കേരി, ഡോ. കെ.വി. ഫിലോമിന, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു, കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക് പ്രസിഡന്റ് എം.ഒ. മാധവൻ, ആലക്കോട് ബ്ലോക്ക് പ്രസിഡന്റ് ദേവസ്യ പാലപ്പുറം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻസ്ഥാനം രാജിവച്ചതായി പി.ടി.മാത്യു അറിയിച്ചു.
രാജിക്കത്ത് ഡിസിസി, കെപിസിസി നേതൃത്വങ്ങൾക്ക് ഫാക്സായി അയച്ചതായും സജീവ് ജോസഫിനെ പിൻവലിച്ച് സോണി സെബാസ്റ്റ്യനെ സ്ഥാനാർഥിയാക്കാതെ തെരഞ്ഞെടുപ്പുമായി സഹകരിക്കില്ലെന്നും നേതാക്കൾ അറിയിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ നാളെ ശ്രീകണ്ഠപുരത്തും 17ന് പേരാവൂരിലും 19ന് കണ്ണൂരിലും ബൂത്തുതലം മുതലുള്ള എ ഗ്രൂപ്പ് ഭാരവാഹികളുടെ യോഗം ചേരുമെന്നും തുടർനടപടികൾ ഇതിൽ തീരുമാനിക്കുമെന്നും നേതാക്കൾ പറഞ്ഞു.