കൊടും ചൂടിൽ ആശ്വാസക്കുളിരായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വേനൽ മഴ പെയ്തുതുടങ്ങി. വരും ദിവസങ്ങളിൽ വേനൽ മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
രണ്ടു ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയാണു ലഭിച്ചത്. ഇന്നലെ മാവേലിക്കരയിൽ അഞ്ച് സെന്റീമീറ്റർ മഴ പെയ്തു. ആലുവയിൽ മൂന്നു സെന്റീമീറ്ററും കൊച്ചി, പെരുന്പാവൂർ, കുരുടാമണ്ണ്എന്നിവിടങ്ങളിൽ രണ്ട് സെന്റീമീറ്ററും മഴ പെയ്തു. കഴിഞ്ഞ ദിവസം കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും ശക്തമായ വേനൽ മഴ ലഭിച്ചിരുന്നു. സംസ്ഥാനത്ത് പകൽ താപനില ശരാശരിക്കും മുകളിലെത്തുകയും കടുത്ത ചൂട് അനുഭവപ്പെടുകയും ചെയ്യുന്നതിനിടയിലാണു തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ആശ്വാസമായി വേനൽ മഴ പെയ്തു തുടങ്ങിയത്.
ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് ശരാശരി താപനില ഉയർന്നു നിൽക്കുന്നത്. വെള്ളാനിക്കരയിലാണ് ഇന്നലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്; 38 ഡിഗ്രി സെൽഷ്യസ്. വരും ദിവസങ്ങളിൽ വേനൽ മഴ കൂടുതൽ ശക്തിപ്പെടുന്നതോടെ ചൂടിന് ആശ്വാസമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. അതേസമയം അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
മാർച്ച് ഒന്നു മുതൽ മേയ് 31 വരെ നീളുന്നതാണ് സംസ്ഥാനത്തെ വേനൽ മഴക്കാലം. ഇന്നലെവരെയുള്ള കണക്കുകൾ പ്രകാരം 3.3 മില്ലീമീറ്റർ വേനൽമഴയാണ് കേരളത്തിൽ പെയ്തത്. 6.7 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 51 ശതമാനം മഴക്കുറവാണ് ഇന്നലെ വരെ രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം, ശൈത്യകാലത്ത് ഈ വർഷം റിക്കാർഡ് മഴയാണു കേരളത്തിൽ പെയ്തത്. 409 ശതമാനം അധികമഴ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി പെയ്തു. ഇക്കാലയളവിൽ 22.4 മില്ലീമീറ്റർ മഴയാണ് കേരളത്തിൽ പെയ്യേണ്ടിയിരുന്നത്. എന്നാൽ പെയ്തത് 114.1 മില്ലീമീറ്റർ.