ഇരിട്ടി : ആർ എസ് എസ് ജില്ലാ ബൗദ്ധിക് പ്രമുഖും ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറുമായിരുന്ന പുന്നാട്ടെ അശ്വിനികുമാറിന്റെ ബലിദാന ദിനത്തോടനുബന്ധിച്ച് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും പൊതുയോഗവും നടന്നു. പുന്നാട് ടൗണിൽ നടന്ന പൊതുയോഗം ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ അദ്ധ്യക്ഷൻ രാജേഷ് നാദാപുരം ഉദ്‌ഘാടനം ചെയ്തു. ഈ രാഷ്ട്രത്തിന്റെ മിത്രങ്ങളെല്ലാം ആർ എസ് എസ്സിന്റെ മിത്രങ്ങളാണെന്നും എന്നാൽ ഈ രാഷ്ട്രത്തിന്റെ ശത്രുക്കളെല്ലാം ആർ എസ് എസ്സിന്റെ ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങൾ എല്ലാം ഭീകരവാദികളല്ല. ആർ എസ് എസ് പ്രചാരകൻ ആയിരുന്ന അടൽബിഹാരി വാജ്പേയോട് ഈ രാഷ്ട്രത്തിന്റെ രാഷ്‌ട്രപതി ആരാകണമെന്ന് ചോദിച്ചപ്പോൾ അദ്ദേഹം ചൂണ്ടിക്കാട്ടിയത് എ .പി. ജെ. അബ്ദുൾകലാമിനെയായിരുന്നു. അബ്ദുൽ കാലമെന്ന ഇസ്ലാമിനെ രാഷ്ട്രപതിയാക്കാൻ ആർ എസ് എസ്സിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ലോകമെമ്പാടും ഏറ്റവും കൂടുതൽ മുസ്‌ലിം ഭീകരവാദത്താൽ കഷ്ടപ്പെടുന്നത് മുസ്ലീമുകൾ തന്നെയാണ്. സൗദി അറേബ്യയിലെ മക്കക്കും മദീനക്കും എതിരെ വരെ ആക്രമണം നടക്കുന്നു. പള്ളിക്ക് പുറത്ത് പട്ടാളവും പോലീസും കാവൽ നിൽക്കാത്ത ഇസ്ലാം നിർഭയം നിസ്കരിക്കുന്ന ഒരു നാടെയുള്ളൂ അത് ഭാരതമാണെന്നും രാജേഷ് പറഞ്ഞു.
യോഗത്തിൽ നഗരസഭാ കൗൺസിലർ എ.കെ. ഷൈജു അദ്ധ്യക്ഷത വഹിച്ചു. വി. സന്തോഷ് സ്വാഗതവും ഖണ്ഡ് കാര്യവാഹ് എം. ഹരിഹരൻ നന്ദിയും പറഞ്ഞു.
രാവിലെ മീത്തലെ പുന്നാട് അശ്വിനി സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ ആർ എസ് എസ് പ്രാന്തീയ വിദ്യാർത്ഥി പ്രമുഖ് വത്സൻ തില്ലങ്കേരി, ജില്ലാ സംഘചാലക് സി.പി. രാമചന്ദ്രൻ, കണ്ണൂർ വിഭാഗ് പ്രചാരക് കെ.എസ്. അനീഷ് , സഹ സമ്പർക്കപ്രമുഖ് പി.പി. സുരേഷ് ബാബു, ഇരിട്ടി ഖണ്ഡ് സംഘചാലക് ഡോ . പി. രാജേഷ്, ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് തുടങ്ങി വിവിധ ആർ എസ് എസ് , ബി ജെ പി സംഘസപരിവർ നേതാക്കൾ പങ്കെടുത്തു. ഇവിടെ നടന്ന അനുസ്മരണ ചടങ്ങിൽ കണ്ണൂർ വിഭാഗ് പ്രചാരക് കെ.എസ്. അനീഷ് അനുസ്മരണ ഭക്ഷണം നടത്തി.