കണ്ണൂർ: കള്ളക്കടത്തിലൂടെയും ലഹരി കച്ചവടത്തിലൂടെയും സ്വപ്നയുടെ നേതൃത്വത്തിലുള്ള തട്ടിപ്പുകളിലൂടെയും പ്രതിച്ഛായ നഷ്ടമായ സർക്കാർ തുടർഭരണം നേടുമെന്നുള്ള സിപിഎമ്മിന്റെ ബോധപൂർവമായ പ്രചാരണം മറ്റൊരു തട്ടിപ്പാണെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി. കെപിസിടിഎ കണ്ണൂർ സർവകലാശാല മേഖലാ സമ്മേളനം കെപിഎസ്ടിഎ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പിജി വെയിറ്റേജ് എടുത്തുകളഞ്ഞ് 3500 തസ്തികകൾ ഇല്ലാതാക്കിയ നടപടി യുഡിഎഫ് അധികാരത്തിൽ വന്നാൽ പിൻവലിക്കും. ഭരണകാലഘട്ടം മുഴുവൻ ഉന്നതവിദ്യാഭ്യാസമേഖലയിൽ അധ്യാപക വിരുദ്ധമായ നിലപാടുകൾ മാത്രം സ്വീകരിച്ച സർക്കാരിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണെന്നും തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നും സതീശൻ പാച്ചേനി പറഞ്ഞു.
സമ്മേളനത്തിൽ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും അക്കാദമിക് കൗൺസിലിൽ വിജയിച്ച അധ്യാപകരെ അനുമോദിക്കുകയും ചെയ്തു. സംസ്ഥാന സെക്രട്ടറി ഡോ. പ്രേമചന്ദ്രൻ കീഴോത്ത് മുഖ്യപ്രഭാഷണം നടത്തി. മേഖലാ പ്രസിഡന്റ് ഡോ. ആർ.കെ. ബിജു അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ പ്രഫ. പ്രജു കെ. പോൾ, ഡോ. ഷിനോ പി. ജോസ്, ഡോ. ബി.വി. ലസിത, ഡോ. ടി.പി. രവീന്ദ്രൻ, ഡോ. പദ്മനാഭൻ, പ്രഫ. ലത രാമകൃഷ്ണൻ, ഡോ. ബിജുമോൻ രാമലയത്തിൽ എന്നിവർ പ്രസംഗിച്ചു.
ഡോ. ജയ്സൺ ജോസഫിനെ കണ്ണൂർ ജില്ലാ പ്രസിഡന്റായും ഡോ. പി.പ്രജിതയെ ജില്ലാ സെക്രട്ടറിയായും ഡോ. നന്ദകുമാർ കോറോത്തിനെ കാസർഗോഡ് ജില്ലാ പ്രസിഡന്റായും ഡോ. കെ. നസീമയെ ജില്ലാ സെക്രട്ടറിയായും തെരഞ്ഞെടുത്തു.