ഇരിട്ടി : ടൗണിൽ ബസ്സിന്റെ ടയർ പൊട്ടിത്തെറിച്ചു. ടയർ പൊട്ടിയതിനെ ആഘാതത്തിൽ ഡീസൽ ടാങ്ക് പൊട്ടുകയും ഡീസൽ റോഡിലേക്ക് പരന്നൊഴുകിയതും പരിഭ്രാന്തി സൃഷ്ടിച്ചു.
വെള്ളിയാഴ്ച മൂന്നുമണിയോടെയായിരുന്നു സംഭവം. ഇരിട്ടിയിൽ നിന്നും ശ്രീകണ്ഠാപുരത്തേക്ക് പോവുകയായിരുന്ന കാവിലമ്മ ബസിൻ്റെ മുൻഭാഗത്തെ ഡ്രൈവറുടെ ഭാഗത്തെ ടയറാണ് പൊട്ടിയത്. പുതിയ ബസ്സ് സ്റ്റാൻ്റിൽ നിന്ന് പുറപ്പെട്ട ബസ്സ്
പഴയ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ടയർ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഇതിന്റെ ആഘാതത്തിൽ ഡീസൽ ടാങ്ക് പൊട്ടി
ഡീസൽ റോഡിലേക്ക് ഒഴുകി. ശക്തമായ വെയിലും ചൂടും ഉള്ള സമയമായതിനാൽ ഡീസൽ റോഡിൽ പരന്നൊഴുകിയത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഉടൻ ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ഡീസൽ ഒഴുകുന്നത് തടയാനുള്ള ശ്രമം നടത്തി. പാത്രങ്ങളിലേക്ക് ഡീസൽമാറ്റി. ഉടൻതന്നെ ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്സും സ്ഥലത്തെത്തി.
തുടർന്ന് ടാങ്കിൽ ഉള്ള മുഴുവൻ ഡീസലും നീക്കം ചെയ്യുകയും പൊട്ടിയ ടയർ മാറ്റി റോഡിൽ നിന്നും ബസ്സ് മാറ്റുകയും ചെയ്തു.
റോഡിലേക്ക് ഒഴുകിയ ഡീസൽ ഫയർഫോഴ്സ് കഴുകിക്കളഞ്ഞു. സംഭവത്തെ തുടർന്ന് ടൗണിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
ബസ് ജീവനക്കാരുടെയും, നാട്ടുകാരുടെയും, ഫയർഫോഴ്സിനെയും, സന്ദർഭോചിതമായ ഇടപെടൽ ആണ് വലിയ അപകടം ഒഴിവാക്കിയത് .