കണ്ണൂർ: നിയമസഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് തയാറാക്കിയ സി വിജില്‍ (cVIGIL) മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പൊതുജനങ്ങള്‍ക്ക് ചട്ടലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം. മാതൃകാ പെരുമാറ്റച്ചട്ടം, തെരഞ്ഞെടുപ്പ് ചെലവ് ചട്ടങ്ങള്‍ തുടങ്ങിയവയുടെ ലംഘനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യഥാസമയം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാന്‍ സി വിജില്‍ ആപ്പിലൂടെ സാധിക്കും.
ചട്ടലംഘനങ്ങളുടെ ഫോട്ടോ, രണ്ടുമിനിറ്റില്‍ കൂടാത്ത വീഡിയോ, ശബ്ദം എന്നിവസഹിതം മൊബൈല്‍ ഫോണ്‍ വഴി നല്കുന്ന പരാതികള്‍ക്ക് 100 മിനിറ്റിനുള്ളില്‍ നടപടിയുണ്ടാകുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ കളക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. ചട്ടലംഘനം നടക്കുന്ന സ്ഥലത്തുവച്ച് തന്നെ ഫോട്ടോയും വീഡിയോയും ഉള്‍പ്പെടെ പരാതി സമര്‍പ്പിക്കണം. ചട്ടലംഘനം നടക്കുന്ന സ്ഥലം കണ്ടെത്താനുള്ള എളുപ്പത്തിനുവേണ്ടിയാണിത്. ഗൂഗിള്‍ പ്ലേസ്റ്റോര്‍ /ആപ്പ് സ്റ്റോറില്‍നിന്ന് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തശേഷം മൊബൈല്‍ നമ്പര്‍ നല്കിയാല് ലഭിക്കുന്ന ഒടിപി വഴി ആപ്പില്‍ പ്രവേശിക്കാം. പരാതിപ്പെടുന്നയാളിന്റെ വിവരങ്ങള്‍ മറ്റുള്ളവര്‍ അറിയരുതെന്ന് താത്പര്യമുള്ളവര്‍ക്ക് മൊബൈല്‍ നമ്പര്‍ നല്‍കാതെ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും ആപ്പിലുണ്ട്.
ആപ്പില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഫോട്ടോ, വീഡിയോ എടുക്കാനും ശബ്ദം റിക്കാർഡ് ചെയ്യാനുമുള്ള ഓപ്ഷനുകള്‍ ലഭിക്കും. ഇവയില്‍ അനുയോജ്യമായത് തെരഞ്ഞെടുത്ത് ദൃശ്യമോ ശബദ്മോ പകര്‍ത്തിയശേഷം ചട്ടലംഘനത്തിന്റെ സ്വഭാവം തെരഞ്ഞെടുക്കണം. പണം വിതരണം, ഗിഫ്റ്റ്/കൂപ്പണ്‍ വിതരണം, അനുമതിയില്ലാതെ ബാനറുകളോ പോസ്റ്ററുകളോ സ്ഥാപിക്കല്‍, ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കല്‍/ഭീഷണിപ്പെടുത്തല്‍, അനുവാദമില്ലാതെ വാഹനം ഉപയോഗിക്കല്‍, നിരോധനമുള്ള സമയത്ത് കാമ്പയിന് നടത്തല്‍, മതപരമോ വര്‍ഗീയമോ ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍, അനുവദിച്ച സമയത്തിനുശേഷം ഉച്ചഭാഷിണി ഉപയോഗിക്കല്‍ എന്നിവയിലൊന്ന് തെരഞ്ഞെടുക്കുകയോ അല്ലെങ്കില്‍ അദേഴ്സ് (മറ്റുള്ളവ) തെരഞ്ഞെടുത്ത് ലംഘനത്തെക്കുറിച്ച് ചെറുകുറിപ്പ് നല്‍കുകയോ ചെയ്യാം. ആപ്പില്‍ പ്രവേശിച്ച് അഞ്ചു മിനിറ്റിനകം ഈ നടപടികള്‍ പൂര്‍ത്തിയാക്കണം. അല്ലാത്തപക്ഷം സെഷന് ടൈം ഔട്ട് ആകും. അങ്ങനെ സംഭവിച്ചാല്‍ വീണ്ടും ആപ്പ് ഓപ്പണ്‍ ചെയ്ത് അഞ്ചു മിനിറ്റിനുള്ളില്‍ അയയ്ക്കണം.
സി വിജില്‍ വഴി ലഭിക്കുന്ന പരാതികള്‍ ജില്ലാതലത്തിലുള്ള ജില്ലാ കണ്ട്രോള് സെന്ററിലാണ് പരിശോധിക്കുക. പരാതിയില്‍ പറയുന്ന പ്രദേശത്ത് ആ സമയത്തുള്ള നിരീക്ഷണ സ്ക്വാഡുകള്‍ക്ക് ഉടന്‍ വിവരം കൈമാറും. പരാതിയെക്കുറിച്ച് അന്വേഷണം നടത്തി 30 മിനിറ്റിനകം ഫീല്‍ഡ് സ്ക്വാഡ് വിവരം ജില്ലാതലകേന്ദ്രത്തിനു കൈമാറും.
ഇതനുസരിച്ച് ജില്ലാതലത്തില്‍ നടപടിയെടുക്കേണ്ട വിഷയങ്ങളില്‍ ഉടന്‍ തന്നെ നടപടിയെടുക്കും. അല്ലാത്ത വിഷയങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. സി വിജില്‍ മൊബൈല്‍ ആപ്പിന്റെ സേവനം പരമാവധി ഉപയോഗപ്പെടുത്താന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
അതേസമയം, അധികൃതരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സി വിജില്‍ ആപ്പ് ദുരുപയോഗം ചെയ്യരുതെന്നും അത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്കി.
previous post