പരിയാരം:കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ സങ്കീർണ റിജിഡ് ബ്രോങ്കോസ്കോപ്പി വഴി എട്ടുവയസ്സുകാരിയുടെ ജീവൻ രക്ഷിച്ചു. കാസർകോട് സ്വദേശിനിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ ഷൂ വിസിൽ കണ്ടെത്തി പുറത്തെടുത്താണ് രക്ഷപ്പെടുത്തിയത്.
ഒരു മാസത്തിലേറെയായി നിർത്താതെയുള്ള ചുമയും ശ്വാസതടസ്സവും കാരണം കാസർകോട് ഗവ. ആസ്പത്രിയിൽനിന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് റഫർചെയ്യുകയായിരുന്നു. പരിയാരത്ത് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ശ്വാസനാളത്തിൽ മറ്റെന്തോവസ്തു കുടുങ്ങിക്കിടക്കുന്നതായി തെളിഞ്ഞു. വലത്തേ ശ്വാസകോശത്തിലെ താഴെഭാഗം പൂർണമായും അടഞ്ഞ കുട്ടി ഗുരുതരാവസ്ഥയിലായിരുന്നു. ഉടൻ പീഡിയാട്രിക് റിജിഡ് ബ്രോങ്കോസ്കോപ്പി ചികിത്സയ്ക്ക് കുട്ടിയെ വിധേയമാക്കുകയും കുടുങ്ങിക്കിടന്ന വിസിൽ പുറത്തെടുക്കുകയുമായിരുന്നു.
ശ്വാസകോശവിഭാഗത്തിലെ ഡോ. ഡി.കെ.മനോജ്, ഡോ. രാജീവ് റാം, ഡോ. രജനി, ഡോ. മുഹമ്മദ് ഷഫീഖ്, ഡോ. പദ്മനാഭൻ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ചാൾസ്, ഡോ. ദിവ്യ, ഡോ. സജിന എന്നിവർ നേതൃത്വം നൽകി. കുട്ടി സുഖംപ്രാപിച്ചുവരുന്നു. മെഡിക്കൽ സംഘത്തെ പ്രിൻസിപ്പൽ ഡോ. കെ.എം. കുര്യാക്കോസും ആസ്പത്രി സൂപ്രണ്ട് ഡോ. കെ.സുദീപും അഭിനന്ദിച്ചു.