കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശപ്രകാരം ജില്ലയിലെ ഓരോ മണ്ഡലത്തിലും ഫ്ളയിംഗ് സ്ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
സീനിയര്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് തലവനായ ടീമില്‍ സീനിയര്‍ പോലിസ് ഓഫീസര്‍, നാല് സായുധ പോലിസുകാര്‍, ഒരു വീഡിയോഗ്രാഫര്‍ എന്നിവരുണ്ടാകും. അനധികൃത പണമിടപാടുകള്‍, മദ്യ വിതരണം, മറ്റേതെങ്കിലും തരത്തില്‍ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്കല് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സ്ക്വാഡുകള്‍ നിരീക്ഷിക്കും. പിടിച്ചെടുക്കപ്പെടുന്ന തുക സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍ക്കൊള്ളിക്കും.
ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി ഓരോ മണ്ഡലത്തിലും വീഡിയോ സര്‍വെയ്ലന്‍സ് ടീമുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥനും ഒരു വീഡിയോഗ്രാഫറും ഉള്‍പ്പെടുന്നതാണ് ടീം.
തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി സ്ഥാനാര്‍ഥികളുടെ ഇലക്ഷന് കാന്പയിനുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍, ബാനറുകള്‍, കട്ടൗട്ടുകള്‍ തുടങ്ങിയ പ്രചാരണ സാമഗ്രികള്‍, പൊതുപരിപാടികളിലും റാലികളിലും മറ്റും ഉപയോഗിക്കുന്ന വാഹനങ്ങള്‍, ഫര്‍ണിച്ചര്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ വീഡിയോ സര്‍വെയ്ലന്‍സ് ടീം വീഡിയോയില്‍ പകര്‍ത്തും. തെരഞ്ഞെടുപ്പ് പരിപാടികളിലെ പ്രസംഗങ്ങളിലും മറ്റും പെരുമാറ്റച്ചട്ട ലംഘനങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നതിനായി അവയും വീഡിയോയില്‍ പകര്‍ത്തും