കോവിഡ് കാലത്തെ സാന്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പിടിച്ച സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശന്പളം പണമായി തിരിച്ചുനൽകാൻ മന്ത്രിസഭാ തീരുമാനം. ഒരു മാസത്തെ ശന്പളമായി പിടിച്ച തുക അടുത്ത ഏപ്രിൽ മുതൽ അഞ്ചുതവണകളായി തിരിച്ചുനൽകാനാണു തീരുമാനം.
സംസ്ഥാനത്തെ 5.5 ലക്ഷം ജീവനക്കാർക്കായി 2200 കോടിയോളം രൂപയാണ് അഞ്ചു ഗഡുക്കളായി ശന്പളത്തോടൊപ്പം നൽകുക. പിടിച്ച തുക തിരികെ നൽകാൻ പ്രതിമാസം 450 കോടിയോളം രൂപ വീതം അധികമായി കണ്ടെത്തേണ്ടിവരും. മാറ്റിവച്ച ശന്പളം അഞ്ചുതവണകളായി പ്രൊവിഡന്റ് ഫണ്ടിൽ ലയിപ്പിക്കാനും ജൂണ്‍ മുതൽ പിൻവലിക്കുന്നതിന് അനുവാദം നൽകാനുമായിരുന്നു നേരത്തേയുള്ള തീരുമാനം. ഇതിൽ മാറ്റം വരുത്തിയാണ് നേരിട്ടു പണമായി നൽകാൻ തീരുമാനിച്ചത്.
പങ്കാളിത്ത പെൻഷൻകാരുടെ കാര്യത്തിൽ അധിക എൻപിഎസ് വിഹിതം പിടിക്കാതെ മാറ്റിവച്ച ശന്പളം തിരിച്ചുനൽകും. മാറ്റിവച്ച ശന്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ താത്പര്യമുള്ള ജീവനക്കാർക്ക് അതിനുള്ള ക്രമീകരണം ഏർപ്പെടുത്തും.