വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമാകുന്നവരുടെ കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കണമെന്ന് താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. കർണാടകയിലെ കുടകിൽ കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട തൊഴിലാളികളായ ചെന്നി, അയ്യപ്പ എന്നിവരുടെ ദാരുണ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ചേർന്ന യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
നാമമാത്രമായ നഷ്ടപരിഹാരംകൊണ്ടു പരിഹരിക്കാവുന്ന നഷ്ടമല്ല പാവപ്പെട്ട കുടുംബങ്ങൾക്കുണ്ടാവുന്നത്. ഇത് ആവർത്തിക്കപ്പെടാതിരിക്കാൻ വനംവകുപ്പും സർക്കാരുകളും ചേർന്ന് ഫലപ്രദമായ സംവിധാനം കണ്ടെത്തണം. അതിൽ പ്രധാനപ്പെട്ടതാണ് വന്യമൃഗങ്ങൾ ജനവാസകേന്ദ്രത്തിൽ പ്രവേശിക്കാതെ വനത്തിൽത്തന്നെ അവയെ ഒതുക്കിനിർത്തുന്നതിനുള്ള ഫലപ്രദമായ സംവിധാനങ്ങൾ. പ്രതീക്ഷിക്കാത്ത സാഹചര്യത്തിൽ ഇങ്ങനെയുള്ള ജീവഹാനികൾ സംഭവിച്ചാൽ ബന്ധപ്പെട്ടവരുടെ കുടുംബങ്ങളെ സർക്കാർ ദത്തെടുത്തു സംരക്ഷിക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു.
കർഷകരെയും കർഷകത്തൊഴിലാളികളെയും നിരന്തരമായി പീഡിപ്പിക്കുന്ന വനംവകുപ്പിന്റെ സമീപനം മാറേണ്ടതുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത കർഷക പ്രതിനിധികൾ ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടു.
ഒരു കാട്ടാന ചെരിഞ്ഞപ്പോൾ തോരാത്ത മുതലക്കണ്ണീർ ഒഴുക്കിയ മൃഗസ്നേഹികൾ രണ്ടു മനുഷ്യജീവികളെ കടുവ കൊന്ന സംഭവത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നും ഇവർ ചോദിക്കുന്നു.
വന്യമൃഗ ശല്യം, മാധവ് ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളിലെ നിർദേശങ്ങൾ, ബഫർ സോൺ സംവിധാനം എന്നീ കാര്യങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഈ സന്ദർഭത്തിൽ ഓരോ മുന്നണിയും തങ്ങളുടെ നിലപാട് പരസ്യമായി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും യോഗം രേഖപ്പെടുത്തി.
ഇൻഫാം ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ, ദേശീയ ജനറൽ സെകട്ടറി ഫാ. ആന്റണി കൊഴുവനാൽ, ജനറൽ സെക്രട്ടറി ജോസഫ് കാരിയാങ്കൽ, ബേബി പെരുമാലിൽ, മാത്യു മാംപറമ്പിൽ, ഫാ. ജോസഫ് പെണ്ണാപറമ്പിൽ, ജോസ് എടപ്പാട്ട്, ഫാ. ജോസ് കാവനാടിയിൽ, കേളപ്പൻ , സ്കറിയാ നെല്ലൻകഴി തുടങ്ങിയവർ പങ്കെടുത്തു.