ഇരിട്ടി :ഉളിക്കൽ പഞ്ചായത്തിലെ മുണ്ടാന്നൂരിൽ ഞാറാഴ്ച വൈകുന്നേരം ഉണ്ടായ ചുഴലിക്കാറ്റിൽ നാലോളം വീടുകൾ തകരുകയും വ്യാപക കൃഷിനാശം സംഭവിക്കുകയും ചെയ്തു. കാറ്റിൽ മരം വീണും മേൽക്കൂരയുടെ ആസ്ബസ്റ്റോസ് പാറിപ്പോയുമാണ് വീടുകൾക്ക് നാശം ഉണ്ടായത്. ബിനു എടവകകുന്നേൽ, ചിറപുറത് ടോമി, എടവകകുന്നേൽ കൊച് എന്നിവരുടെ വീടുകൾക്കാണ് നാശം നേരിട്ടത്. സുരേഷ് എടവൻ എന്നയാളുടെ കാർ പോർച്ചിൽ നിർത്തിയിട്ട കാറിനു മുകളിൽ തെങ്ങ് വീണ് കാറും തകർന്നു. റബ്ബർ, വാഴ, കശുമാവ്, പ്ലാവ്, കപ്പ, തെങ്ങ് എന്നിവയും കാറ്റിൽ നിലംപൊത്തി.കാളിപ്ലാക്കൽ രാജീവിന്റെ 200 വാഴകളും കാറ്റിൽ നശിച്ചു. കാറ്റിൽ മരം വീണ് മുണ്ടാന്നൂർ -വാതിൽമട റോഡും സമീപത്തെ മറ്റ് റോഡുകളിലെയും ഗതാഗതം നിലച്ചു. വൈദ്യുതി ലൈനിനു മുകളിൽ മരം വീണ് മേഖലയിൽ വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചു . ചുഴലിക്കാറ്റിനോടൊപ്പം കനത്ത മഴയും ആലിപ്പഴ വർഷവും ഉണ്ടായിരുന്നു. കാറ്റിൽ മേഖലയിൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.