ഇരിട്ടി: ഇരിട്ടിയുടെ മലയോരമേഖലയിൽ ശക്ത മായ വേനൽമഴ. ഇരിട്ടി ഉൾപ്പെടെയുള്ള മലയോര മേഖലയിലാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ ശക്തമായ കറ്റോട് കൂടിയ വേനൽമഴ പെയ്തത്. പ്രതീക്ഷിക്കാതെ പെയ്ത മഴയോടൊപ്പം എത്തിയ കാറ്റിന് ചുഴലിക്കാറ്റിന്റെ പ്രതീതിയായിരുന്നു. ചിലയിടങ്ങളിൽ കാറ്റിൽ കൂറ്റൻ മരങ്ങൾ പൊട്ടിവീണു .
ഉളിക്കൽ മുണ്ടന്നൂരിൽ തെങ്ങ് അടക്കമുള്ള മരങ്ങൾ കടപുഴകിവീണും ആസ്ബസ്റ്റോസ് ഷീറ്റുകൾ പറന്നുപോയും നാലോളം വീടുകൾക്ക് ഭാഗിക നാശനഷ്ടമുണ്ടായി. തെങ്ങുവീണ് കാർ തകർന്നു. നിരവധി റബർ മരങ്ങളും വാഴകളും നശിച്ചു. വൈദ്യുതി ബന്ധവും ഗതാഗതവും താറുമാറായി.
മുണ്ടാ ന്നൂരിലെ ബിനു ഇടവക്കുന്നേൽ, ടോമി ചെറുപ്പുറത്ത് , ഇടവക്കുന്നേൽ കൊച്ചേട്ടൻ , എന്നിവരുടെ വീടുകളാണ് തെങ്ങുവീണ് ഭാഗികമായി തകർന്നത്. മുണ്ടന്നൂരിലെ സുരേഷ് എടവൻ എന്നയാളുടെയും വിളക്കോട് അമ്പലം റോഡിലെ രാജി നിവാസിൽ സുനിൽകുമാറിന്റെ വീട്ടിൽ നിർത്തിയിട്ട കാറും തെങ്ങുവീണ് തകർന്നു. മുണ്ടാന്നൂരിലെ കാളിപ്ലാക്കൽ രാജീവന്റെ ഇരുന്നൂറോളം കുലച്ച വാഴകൾ കാറ്റിൽ നിലംപൊത്തി. കുയിലൂരിൽ ശക്തമായ കാറ്റിൽ ഏഴിക്കുഴിയിൽ വീട്ടിൽ കല്യാണി അമ്മയുടെ റബർമരങ്ങൾ നശിച്ചു. മേഖലയിൽ കശുമാവ്, പ്ലാവ്, കപ്പ എന്നിവയും വ്യാപകമായി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. മുണ്ടാന്നൂർ മേഖലയിൽ നാശനഷ്ടമുണ്ടായി സ്ഥലങ്ങൾ ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, അംഗങ്ങളായ ശ്രീദേവി പുതുശ്ശേരി, ഒ.വി. ഷാജു, എ.ജെ. ജോസഫ് എന്നിവർ സന്ദർശിച്ചു.
ശനിയാഴ്ച രാത്രി 8 മണിയോടെ ഇരിട്ടി ടൗണിൽ ജുമാമസ്ജിദിന് സമീപത്തെ അരയാൽ മരത്തിന്റെ കൂറ്റൻ ശിഖരം ഒടിഞ്ഞു വീണു. മരക്കൊമ്പ് വീണ് വൈദ്യുതി ലൈനും തകർന്നു. പകൽ സമയങ്ങളിൽ നിരവധി വാഹനങ്ങൾ നിർത്തിയിടുന്ന സ്ഥലമാണ് ഇത്. രാത്രി ആയതിനാൽ വൻ അപകടമാണ് ഒഴിവായത്. ഇരിട്ടി അഗ്നിരക്ഷാസേന എത്തിയാണ് ഗതാഗത തടസം സൃഷ്ടിച്ച മരക്കൊമ്പുകൾ മുറിച്ചു മാറ്റിയത്.