മട്ടന്നൂർ: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തോടനുബന്ധിച്ച് നടക്കുന്ന പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന് ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്കി. വിമാനത്താവളത്തോടനുബന്ധിച്ചുള്ള വിവിധ ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മട്ടന്നൂര്‍ നഗരസഭാ ഹാളില്‍ നടന്ന അവലോകനയോഗത്തിലാണ് മന്ത്രി നിര്‍ദേശം നൽകിയത്.
വിമാനത്താവളം വന്നതിനുശേഷം സമീപപ്രദേശങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ച് പറമ്പുകളിലേക്കും കൃഷിസ്ഥലങ്ങളിലേക്കും ഇറങ്ങുന്നത്. ഇതു പരിഹരിക്കുന്നതിനായുള്ള ഡ്രെയ്നേജ് നിര്‍മാണത്തിനുള്ള മണ്ണുനീക്കല്‍ നടപടികള്‍ ആരംഭിച്ച് പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം. ഇതിനായി കിയാൽ എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ.ടി. ജോസ് കണ്‍വീനറായി വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ ഉള്‍പ്പെട്ട ആറംഗ കോര്‍ കമ്മിറ്റി രൂപീകരിച്ചു.
കൂടാതെ റണ്‍വേ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ സമയബന്ധിതമായി നടപ്പാക്കാനും റവന്യൂ വകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കുകയും ഇതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനായി കിന്‍ഫ്രയെ ഏല്‍പ്പിക്കുകയും ചെയ്തു.
കാനാട്, കോളിപ്പാലം, കൊതേരി, വായന്തോട് തുടങ്ങിയ പ്രദേശങ്ങളില്‍നിന്നാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. മാറിത്താമസിച്ച ഏഴ് വീട്ടുകാര്‍ക്ക് വാടക നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ അനിത വേണു, വൈസ് ചെയര്മാന് പി.പുരുഷോത്തമന്, കിയാല്‍ എംഡി വി.തുളസീദാസ്, നഗരസഭ സെക്രട്ടറി എസ്. വിനോദ്കുമാര്‍, കിയാല്‍ പ്രതിനിധികള്‍, കിന്‍ഫ്ര പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
previous post