മിലിട്ടറി മാതൃകയിലുള്ള ടെന്റുകളും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തുകളാകും. ടെന്റുകൾ കണ്ടെത്താൻ പൊതുമരാമത്തു സെക്രട്ടറിക്കു തെരഞ്ഞെടുപ്പു കമ്മീഷനു നിർദേശം നൽകി.
ഏഴു ദിവസം വരെ ഉപയോഗിക്കാൻ കഴിയുന്ന ടെന്റുകൾ വാടകയ്ക്കെടുത്തു സ്ഥാപിക്കാൻ 1.10 ലക്ഷം രൂപ വരെ ചെലവഴിക്കാമെന്നു പൊതുമരാമത്തു സെക്രട്ടറിക്കു നൽകിയ കത്തിൽ നിർദേശിച്ചു.
വൈദ്യുതി, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സജ്ജീകരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ, റാന്പുകൾ, കുടിവെള്ളം, ഫർണിച്ചറുകൾ എന്നിവയെല്ലാം താത്കാലിക ബൂത്തുകളിലും ഉണ്ടായിരിക്കണം. 21 ചതുരശ്ര മീറ്ററെങ്കിലും വിസ്തൃതി ഉണ്ടാകണം.
ഇത്തരത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ടെന്റ് ബൂത്തുകൾ സജ്ജീകരിക്കാറുണ്ട്. താത്കാലിക ബൂത്തുകൾ കൂടുതൽ ആവശ്യമായി വന്നാൽ ഉത്തരേന്ത്യയിൽനിന്ന് എത്തിക്കാനുള്ള തയാറെടുപ്പുകൾ പൊതുമരാമത്ത് വകുപ്പ് തുടങ്ങി.
ഇതോടൊപ്പം വീടുകൾ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളും പോളിംഗ് ബൂത്തുകൾക്കായി കണ്ടെത്താമെന്നു ജില്ലാ കളക്ടർമാർക്കു നൽകിയ നിർദേശത്തിൽ പറയുന്നു. എന്നാൽ, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ നേതാവിന്റെയോ പ്രവർത്തകന്റെയോ വീട് ബൂത്തായി ഉപയോഗിക്കാൻ പാടില്ല. പ്രദേശത്തെ എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെയും അംഗീകാരവും ആവശ്യമാണ്.
കോവിഡ് സാഹചര്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 15,730 അധിക പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കേണ്ടിവരിക. ഇതു കണ്ടെത്താൻ തഹസിൽദാർമാരുടെ നേതൃത്വത്തിൽ ശ്രമം നടന്നുവരികയാണ്. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർമാരോടു നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അധിക പോളിംഗ് ബൂത്തുകൾ ഉൾപ്പെടെ 40,771 ബൂത്തുകളാണുണ്ടാകുക.
പോളിംഗ് ബൂത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടവളപ്പിൽ ഇതിനാവശ്യമായ സ്ഥലം ഇല്ലെങ്കിൽ 200 മീറ്റർ ചുറ്റളവിൽ താത്കാലിക ബൂത്ത് സജ്ജീകരിക്കാമെന്നും നിർദേശത്തിൽ പറയുന്നു.