23.7 C
Iritty, IN
October 4, 2023
  • Home
  • Kerala
  • കോവിഡ്: ഒരു വർഷം കൊണ്ട് കനിവ് 108 ആംബുലൻസ് ഓടിയത് രണ്ട് ലക്ഷം ട്രിപ്പുകൾ
Kerala

കോവിഡ്: ഒരു വർഷം കൊണ്ട് കനിവ് 108 ആംബുലൻസ് ഓടിയത് രണ്ട് ലക്ഷം ട്രിപ്പുകൾ

സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കനിവ് 108 ആംബുലസുകൾ രണ്ട് ലക്ഷത്തിലധികം കോവിഡ് അനുബന്ധ ട്രിപ്പുകൾ നടത്തിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 2020 ജനുവരി 30ന് കോവിഡ് പ്രവർത്തനങ്ങൾക്ക് രാജ്യത്ത് ആദ്യമായി 108 ആംബുലൻസ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിന്യസിച്ചത് മുതൽ ആരംഭിച്ച കോവിഡ് പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. നിലവിൽ 295 ആംബുലൻസുകൾ വിവിധ ജില്ലാ ഭരണകൂടങ്ങൾക്ക് കീഴിൽ കോവിഡ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.  ആയിരത്തിലധികം ജീവനക്കാരാണ് നിലവിൽ കനിവ് 108 ആംബുലൻസുകളുടെ ഭാഗമായി കോവിഡ് മുൻനിര പോരാളികളായി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് പോസിറ്റീവ് ആയവരെ വീടുകളിൽ നിന്ന് സി.എഫ്.എൽ.ടി.സികളിലേക്കും, സി.എഫ്.എൽ.ടി.സികളിൽ നിന്ന് ആശുപത്രികളിലേക്കും, കോവിഡ് പരിശോധനകൾക്കും മറ്റുമാണ് കനിവ് 108 ആംബുലൻസുകളുടെ സേവനം നിലവിൽ ഉപയോഗപ്പെടുത്തുന്നത്. ലോക്ക് ഡൗൺ കാലയളവിൽ വിവിധ ജില്ലാ ഭരണകൂടങ്ങളുടെ നിർദേശ പ്രകാരം മറ്റുസംസ്ഥാനങ്ങളിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് രോഗികളെ മാറ്റുന്നതിനും 108 ആംബുലൻസുകളുടെ സേവനം ലഭ്യമാക്കിയിരുന്നു.
പാലക്കാട് ജില്ലയിലാണ് കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്കായി കനിവ് 108 ആംബുലൻസുകൾ ഏറ്റവും അധികം ട്രിപ്പുകൾ നടത്തിയത്. 28,845 ട്രിപ്പുകളാണ് പാലക്കാട് ജില്ലയിൽ ഒരു വർഷത്തിനുള്ളിൽ കനിവ് 108 ആംബുലൻസുകൾ കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്കായി ഓടിയത്. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ്.  5,305 ട്രിപ്പുകളാണ് ഇടുക്കിയിൽ കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്കായി ആംബുലൻസുകൾ ഓടിയത്.
തിരുവനന്തപുരം 19,664 , കൊല്ലം 11,398 , പത്തനംതിട്ട 6,965, ആലപ്പുഴ 6,486 , കോട്ടയം 15,477, എറണാകുളം 11,381, തൃശൂർ 18,665, മലപ്പുറം 23,679 , കോഴിക്കോട് 17,022, വയനാട് 6,661, കണ്ണൂർ 17,720, കാസർഗോഡ് 10,938 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകൾ. കാസർഗോഡ്, മലപ്പുറം ജില്ലകളിൽ കോവിഡ് ബാധിതരായ രണ്ടു യുവതികളുടെ പ്രസവങ്ങൾ ഈ കാലയളവിൽ കനിവ് 108 ആംബുലൻസിനുള്ളിൽ നടന്നു. മികച്ച സേവനം നടത്തിയ കനിവ് 108 ആംബുലൻസിലെ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.

Related posts

14-ാം പഞ്ചവത്സര പദ്ധതി: ആദ്യവർഷ അടങ്കൽ 39,687 കോടി

𝓐𝓷𝓾 𝓴 𝓳

മഴക്കാല പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പിന്റെ ടാസ്‌ക് ഫോഴ്‌സും കൺട്രോൾ റൂമും; ഉദ്ഘാടനം ഇന്ന് (ജൂൺ 1)

𝓐𝓷𝓾 𝓴 𝓳

ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചു പഠിക്കാം; തവനൂരിലും കുന്നന്താനത്തും കേന്ദ്രങ്ങൾ വരുന്നു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox