മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 401 തദ്ദേശഭരണ സ്ഥാപനങ്ങളിലായി നിർമ്മിച്ച 1013 റോഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനത്തിന് ഈടുറ്റതും മെച്ചപ്പെട്ടതുമായ ഗതാഗത സംവിധാനം വേണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഇതിനകം ഗതാഗത യോഗ്യമാക്കാൻ സാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 5000 റോഡുകളിൽ 1013 റോഡുകളുടെ നിർമ്മാണമാണ് പൂർത്തിയായിരിക്കുന്നത്.
പ്രളയത്തിൽ തകർന്നതും മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയതുമായ ആയിരത്തിലധികം റോഡുകളുടെ നിർമ്മാണം റെക്കോഡ് വേഗത്തിലാണ് പൂർത്തിയായത്. ബാക്കി റോഡുകളുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്തും സംസ്ഥാനത്തെ ഗ്രാമീണ മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിന് മുടക്കം വരാൻ പാടില്ലെന്ന സർക്കാരിന്റെ ഉറച്ച നിലപാടാണ് ഇക്കാര്യത്തിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. രണ്ടു പ്രളയങ്ങൾ തീർത്ത മഹാകെടുതിയിൽ നിന്നും നാടിനെ സംരക്ഷിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മുൻപന്തിയിൽ നിന്നു. ഇതിന്റെ തെളിവാണ് തകർന്നു പോയ റോഡുകളുടെ പുനരുദ്ധാരണമെന്ന് മന്ത്രി പറഞ്ഞു. ഇതിനു പുറമെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ മാതൃകാപരമായ നടപടികളാണ് തദ്ദേശസ്വയംഭരണ വകുപ്പ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
1000 കോടി രൂപയുടെ റോഡ് നിർമാണമാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതിൽ 3878 പ്രവൃത്തികൾ ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണം പുരോഗമിക്കുന്നു. പ്രളയകാലത്തു തകർന്ന 1000 കിലോമീറ്റർ റോഡുകളും നൂറിലധികം പാലങ്ങളും ഇതിനകം അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കാൻ സാധിച്ചിട്ടുണ്ട്. 1783 കോടി രൂപയാണ് പ്രളയകാലത്ത് തകർന്ന റോഡുകളുടെ ഉപരിതലം നവീകരിക്കുന്നതിനായി ചെലവഴിച്ചത്.
ഇതിനു പുറമെയാണ് മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിപ്രകാരം 5000-ലധികം റോഡുകൾ നവീകരിക്കുന്നത്. അതിനൊപ്പം കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി 14,700 കോടി രൂപയുടെ റോഡ് നവീകരണം ഉൾപ്പടെയുള്ള അടിസ്ഥാന വികസന പദ്ധതികളും പുരോഗമിക്കുന്നു. നബാർഡിന്റെ സഹായത്തോടെ 950 കോടി രൂപ ചെലവഴിച്ചുള്ള റോഡ് നവീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി കേരളാ പുനർനിർമാണ പദ്ധതിയിൽ നീക്കിവച്ചിട്ടുള്ള 392 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.
previous post