28.6 C
Iritty, IN
September 23, 2023
  • Home
  • Kerala
  • ആരോഗ്യരംഗത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിൽ കേരളം ശരിയായ പാതയിൽ- മുഖ്യമന്ത്രി
Kerala

ആരോഗ്യരംഗത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിൽ കേരളം ശരിയായ പാതയിൽ- മുഖ്യമന്ത്രി

ആരോഗ്യരംഗത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ 2030 ഓടെ നേടുന്നതിൽ കേരളം ശരിയായ പാതയിലാണ് മുന്നേറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ സംബന്ധിച്ച കേരള വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിൽ കേരളം രാജ്യത്ത് മുന്നിലാണ്. ഇക്കാര്യത്തിൽ നീതി ആയോഗിന്റെ കണക്കുപ്രകാരം സുസ്ഥിര വികസന ഇൻഡക്സിൽ കേരളം ബെസ്റ്റ് പെർഫോർമറാണ്. ഇതിൽ ആരോഗ്യലക്ഷ്യങ്ങൾ നേടുന്നതിനുള്ള സുസ്ഥിര വികസന ലക്ഷ്യം മൂന്നിൽ കേരളത്തിന്റെ സ്‌കോർ 82 ആണ്.
പ്രാപ്യമായതും ഗുണനിലവാരമുള്ളതുമായ ആരോഗ്യ, ചികിത്സാ സൗകര്യങ്ങൾ എല്ലാവർക്കും ഒരുക്കുന്നതിൽ കേരളം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ചികിത്സയിൽ മാത്രമല്ല, മറ്റ് പ്രധാന ആരോഗ്യഘടകങ്ങളായ പ്രതിരോധ നടപടികൾ, മാതൃ-ശിശു സംരക്ഷണം, അടിയന്തിര പ്രതികരണം തുടങ്ങിയവയിലും കേരളം മുന്നിലാണ്.
കോവിഡ് മഹാമാരിയുടെ കാലത്ത് കേസ് ഫെറ്റാലിറ്റി റേറ്റ് ദേശീയശരാശരിയെക്കാൾ വളരെ കുറച്ചുനിർത്താനും കേരളത്തിന് കഴിഞ്ഞു.
മാത്രമല്ല, സമീപകാല പഠനം സൂചിപ്പിക്കുന്നത് 2020ൽ സംസ്ഥാനത്തെ മരണനിരക്കിൽ 11.1 ശതമാനം കുറവുണ്ടായി എന്നാണ്. കോവിഡ് കാലത്തും മറ്റു രോഗങ്ങളുടെ പ്രതിരോധത്തിൽ കേരളം ഏറെ ശ്രദ്ധനൽകുന്നു എന്നതിന് തെളിവാണിത്.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിൽ മുന്നേറ്റം ഉറപ്പാക്കുന്ന ദീർഘകാല പദ്ധതികളുമായാണ് സർക്കാർ നീങ്ങുന്നത്. ഇതിനായി വിദ്യാഭ്യാസമേഖലയിൽ ശക്തമായ ഇടപെടലും നിക്ഷേപവുമാണ് സർക്കാർ നടത്തിയത്. ഇപ്പോൾ പൊതുവിദ്യാലയങ്ങൾ അടിസ്ഥാന സൗകര്യത്തിലും അക്കാദമിക മികവിലും സ്വകാര്യവിദ്യാലയങ്ങളേക്കാൾ മുന്നേറിയിട്ടുണ്ട്.
ആർദ്രം മിഷൻ വഴി പൊതുജനാരോഗ്യരംഗവും സർക്കാർ ശക്തിപ്പെടുത്തി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. മികച്ച പകർച്ചവ്യാധി നിയന്ത്രണ സംവിധാനം ഒരുക്കി. നിപാ വൈറസിനെ നിയന്ത്രിക്കാനായത് ലോകശ്രദ്ധ തന്നെ ആകർഷിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
വെബിനാറിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ഡോ: വിശ്വാസ് മേത്ത, കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഘോബ്രഗഡേ, ദേശീയാരോഗ്യ ദൗത്യം സംസ്ഥാന മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ തുടങ്ങിയവരും വിവിധ സ്ഥലങ്ങളിൽ നിന്നും വിദഗ്ധരും വെബിനാറിൽ പങ്കെടുത്തു.
കോവിഡ് പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭ നിർദ്ദേശിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ സാധ്യതകൾ വിശകലനം ചെയ്യുന്നതിനായാണ് ആരോഗ്യവകുപ്പ് കേരള ഹെൽത്ത് വെബിനാർ സമ്മേളനം സംഘടിപ്പിക്കുന്നത്. മാർച്ച് നാല് വരെ അഞ്ച് വിഷയങ്ങളിലായാണ് വിശദമായ ചർച്ച നടക്കുന്നത്. സാർവത്രിക ആരോഗ്യ സുരക്ഷ; ആരോഗ്യസൗഖ്യത്തിലേക്കുള്ള നീക്കം എന്ന വിഷയത്തിലായിരുന്നു ബുധനാഴ്ചത്തെ ചർച്ചകൾ.
കോവിഡ്19 മഹാമാരി; ആരോഗ്യവകുപ്പിന്റെ പ്രതികരണം, പ്രതിരോധം, തയ്യാറെടുപ്പ്(18), മാതൃ-ശിശു മരണ നിരക്കിലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ; സത്യമോ മിഥ്യയോ(24), പകരാത്ത രോഗങ്ങളിലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ(25), ക്ഷയരോഗ നിവാരണം; കർമ്മപദ്ധതി(മാർച്ച് 4) എന്നിവയാണ്  മറ്റ് വിഷയങ്ങൾ. എല്ലാ ദിവസവും വൈകിട്ട് അഞ്ചു മുതൽ രാത്രി എട്ടു വരെയാണ് ചർച്ച.
അന്താരാഷ്ട്ര വിദഗ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ചകൾ, പരിചയ സമ്പത്തും അറിവും പങ്കുവയ്ക്കൽ, ഭരണ നേതൃത്വവും വികസന പങ്കാളികളുമായുള്ള ചർച്ചകൾ എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന ആകർഷണം.

Related posts

പ്ലസ്‌ ടു പരീക്ഷ കഴിഞ്ഞു, മൂല്യനിർണയം നാളെ മുതൽ ; പ്രയോഗിക പരീക്ഷ മൂന്നുമുതൽ

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

𝓐𝓷𝓾 𝓴 𝓳

ക​ട​ലാ​ക്ര​മ​ണം; പ​രി​ഹാരം 5 വ​ർ​ഷത്തിനകം: മു​ഖ്യ​മ​ന്ത്രി

WordPress Image Lightbox