ഇരിട്ടി: പായം പഞ്ചായത്തിലെ മുഴുവൻ വീടുകളിലും പച്ചക്കറികൃഷി നടത്തുന്നതിനുള്ള പ്രോത്സാഹനവുമായി എന്റെ പായം ഹരിത ഭവനം പദ്ധതിക്ക് പ്രാധാന്യം നൽകുന്ന ബജറ്റ് ഇന്നലെ യോഗത്തിൽ അവതരിപ്പിച്ചു. 56,07,845 ലക്ഷം രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് കുമാർ അവതരിപ്പിച്ചത്.
ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ കേന്ദ്രങ്ങൾ, മാടത്തിയിൽ വയോജനങ്ങൾക്കായി പകൽ വിശ്രമ കേന്ദ്രം, കോണ്ടമ്പ്രയിലെ എസ്ടി കോളനിയിൽ അടിസ്ഥാന സൗകര്യ വികസനം, ആയിരം പേരിൽ 10 പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതി, ബോട്ട് സർവീസ് എന്നിവയ്ക്കായി ബജറ്റിൽ തുക നീക്കിവച്ചിട്ടുണ്ട്.
മാലിന്യ നിക്ഷേപം ഇനി കാമറക്കണ്ണിൽ
ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട പായത്തിന്റെ വൃത്തിയും വെടിപ്പും നിലനിർത്തുന്നതിനായി ഹരതികർമ സേന, കാർഷിക കർമസേന, വ്യാപാരികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. പൊതുസ്ഥലങ്ങളിൽ ഇരുട്ടിന്റെ മറവിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനായി സിസി കാമറകൾ സ്ഥാപിക്കും. ജബ്ബാർ കടവ് പാലം, കോളിക്കടവ് പാലം, ആനപ്പന്തിക്കവല, പുതുശേരി, പേരട്ട എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിക്കുക.