രാത്രിയാത്രയില്‍ വാഹനത്തിന്റെ ഡിം ലൈറ്റ് അടിക്കാതെ തീവ്ര പ്രകാശം ഉള്ള ലൈറ്റ് ഉപയോഗിക്കുന്നവരെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. രാത്രിയിലെ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയത്. –
മൊബൈല്‍ വലിപ്പത്തിലുള്ള ഉപകരണമായ ലക്സ് മീറ്ററിന്റെ സഹായത്തോടെയാണ് തീവ്ര പ്രകാശം ഉള്ളവാഹനങ്ങളെ കണ്ടെത്തുക. ലക്സ് മീറ്റര്‍ വഴി പിടിക്കപ്പെടുന്ന വാഹനങ്ങള്‍ക്കെതിരേ പിഴ ചുമത്താനും ബോധവത്കരണം നടത്താനുമാണ് മോട്ടാര്‍ വാഹന വകുപ്പിന്റെ തീരുമാനം. മോട്ടോര്‍ വാഹന വകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹന സ്ക്വാഡിനാണ് മെഷീന്‍ നല്‍കിയിട്ടുള്ളത്.
നിയമപ്രകാരം 24 വാട്സുള്ള ബള്‍ബുകള്‍ അനുവദിച്ചിടത്ത് ശേഷി 70-75 വരെ വാട്സില്‍ കൂട്ടാന്‍ പാടില്ല. 12 വാട്സുള്ള ബള്‍ബുകള്‍ 60 മുതല്‍ 65 വരെ വാട്സിലും കൂടരുത്. മിക്ക വാഹനങ്ങളിലും 60 വാട്സ് വരെ ശേഷിയുള്ള ബള്‍ബുകളാണ് നിര്‍മാണക്കമ്ബനികള്‍ ഘടിപ്പിക്കാറുള്ളത്. ലൈറ്റിന്റെ അളവ് കൂടിയാല്‍ ലക്സ് മീറ്റര്‍ പിടികൂടും.
ആഡംബര വാഹനങ്ങളില്‍ വെളിച്ചം മുകളിലേക്കു പരക്കാതിരിക്കാനായി ബീം റെസ്ട്രിക്ടര്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും പലരും ഇത് അഴിച്ചുമാറ്റിയാണ് വണ്ടി ഉപയോഗിക്കുന്നത്. ഇത് എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കണ്ണിലേക്ക് വെളിച്ചം നേരിട്ടടിക്കാനും അപകടമുണ്ടാകാനും കാരണമാകും.
ഫൈന്‍ അടച്ചാലും പഠിക്കില്ല
കണ്ണിന്‍റെ കാഴ്ചവരെ മങ്ങിപ്പിക്കുന്ന തരത്തിലുള്ള ലൈറ്റുകളാണ് വണ്ടികളില്‍ ഉപയോഗിക്കുന്നത്. കമ്ബിനി തരുന്ന ലൈറ്റുകള്‍ക്ക് പുറമേ ആള്‍ട്രേഷന്‍ ചെയ്ത് ലൈറ്റുകള്‍ കയറ്റുന്നതും പതിവായിരിക്കുകയാണ്. ഇതിന്റെ പ്രകാശം അതിതീവ്രവുമായിരിക്കും. കൃത്യമായ പരിശോധന നടത്തി ഫൈന്‍ നല്‍കുന്നുണ്ടെങ്കിലും ഹൈ ബീം ലൈറ്റുകളുടെ ഉപയോഗത്തില്‍ ഒരു കുറവുമില്ലെന്നാണ് ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പറയുന്നത്.
സ്ട്രീറ്റ് ലൈറ്റ് ഉള്ള ഇടങ്ങളിലും നഗരത്തിലും ഹൈ ബീം ലൈറ്റുകള്‍ ഉയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം എങ്കിലും ഇതൊന്നും പാലിക്കാതെ വാഹനങ്ങള്‍ നിരത്തിലോടുന്നുണ്ട്. മോട്ടോര്‍ ബൈക്കുകളില്‍ വരെ അധിക ലൈറ്റ് ഫിറ്റ് ചെയ്യുന്നുണ്ട്. ഹെല്‍മെറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവ പോലെ ഹൈബീം ലൈറ്റുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും പലരും മനപ്പൂര്‍വം ലൈറ്റുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
–
എതിരെ വരുന്ന വാഹനങ്ങള്‍ക്ക് ലൈറ്റ് ഡിം ആക്കി നല്‍കാത്തതിനാലാണ് രാത്രികാലങ്ങളിലെ പല അപകടങ്ങളും സംഭവിക്കുന്നത്. ഏകദേശം 200 മീറ്റര്‍ അകലത്തില്‍ വാഹനം എത്തുമ്ബോഴെങ്കിലും ലൈറ്റ് ഡിം ചെയ്ത് നല്‍കണമെന്നാണ് നിയമത്തില്‍ പറയുന്നത്. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് മാത്രമല്ല ഒരു വാഹനത്തിന്റെ തൊട്ടു പുറകില്‍ പോകുമ്ബോഴും ലൈറ്റുകള്‍ ഡിം ചെയ്ത് തന്നെയാണ് പോകേണ്ടത്. കാരണം റിയര്‍ വ്യൂ മിററിലൂടെയെത്തുന്ന ശക്തമായ പ്രകാശം നേരിട്ട് കണ്ണിലേക്കടിക്കുകയും ഇത് അപകടത്തിന് വഴിവെക്കുകയും ചെയ്യുന്നു.