കണ്ണൂർ: ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റിനുമുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന് കെസിവൈഎം തലശേരി അതിരൂപത സമിതി ഐക്യദാർഢ്യം അറിയിച്ചു. അതിരൂപത അതിരൂപത ഡയറക്ടർ ഫാ.ജിൻസ് വാളിപ്ലാക്കലിന്റെ നേതൃത്വത്തിൽ സമരപ്പന്തലിലെത്തിയാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
പതിനായിരക്കണക്കിന് അഭ്യസ്തവിദ്യര്‍ പിഎസ്സി പരീക്ഷയെഴുതി ജോലിക്ക് കാത്തിരിക്കുന്നത് അവഗണിച്ചുകൊണ്ട് പൊതുമേഖലാസ്ഥാപനങ്ങളിലും മറ്റും പത്തുവർഷം താത്കാലികമായി ജോലിചെയ്തവരെ സ്ഥിരപ്പെടുത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഫാ.ജിൻസ് വാളിപ്ലാക്കൽ പറഞ്ഞു.
പിൻവാതിൽ നിയമനവും സ്ഥിരപ്പെടുത്തലും യുവതലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണെന്നും മെറിറ്റും സാമൂഹികനീതിയും എന്ന മാനദണ്ഡത്തോടെ എല്ലാ തൊഴിലുകളും നൽകുമെന്ന് പറയാനുള്ള ആർജവം ഭരണകൂടങ്ങൾ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനറൽ സെക്രട്ടറി അമൽ ജോയി കൊന്നക്കൽ, തളിപ്പറമ്പ് മേഖല പ്രസിഡന്റ് ദിപിൻ പഴയമഠം, ആദർശ് ജോസഫ്, ജിമ്മി ഉള്ളാടൻപറമ്പിൽ, സരിക ചാക്കോ, അമിത തോമസ് വെക്കത്താനം, അരുൺ അയ്യമല, ജിയോ പനച്ചിക്കൽ, ജോയ തെരേസ ജോസഫ് എന്നിവരും സമരപ്പന്തൽ സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നു.
2021 ജൂൺ 29ന് അവസാനിക്കുന്ന ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിന്റെ കാലാവധി കുറഞ്ഞത് ആറു മാസമെങ്കിലും നീട്ടുക, നിയമനക്കുറവ് പരിഹരിക്കാനായി സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് ഒഴിവുകളിൽ നിലവിലുള്ള പട്ടികയിൽനിന്ന് നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റാങ്ക് ഹോൾഡർമാർ അനിശ്ചിതകാല സമരം നടത്തുന്നത്.