പേരാവൂർ: താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം 18ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 52 കോടി രൂപ ചെലവഴിച്ച് ആറു നില കെട്ടിടമാണ് നിർമിക്കുന്നത്. ഒന്നാം ഘട്ടത്തിൽ അനുവദിച്ച 23 കോടി രൂപയ്ക്ക് മൂന്നു നില കെട്ടിട നിർമാണമാണ് 18ന് ആരംഭിക്കുന്നത്. നിർമാണം പൂർത്തിയാവുന്നതോടെ ഒറ്റ കെട്ടിടത്തിലേക്ക് നിലവിൽ ആശുപത്രിയിലുള്ള മുഴുവൻ സേവനങ്ങളും മാറ്റും. പഴയ ഒപി കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും പൊളിച്ചാണ് ബഹുനില കെട്ടിടം നിർമിക്കുന്നത്.നിലവിലുള്ള സേവനങ്ങളൊന്നും മുടങ്ങാതെ ലഭ്യമാവുമെന്ന് സൂപ്രണ്ട് പറഞ്ഞു. ശിലാസ്ഥാപനത്തിനുള്ള സംഘാടക സമിതി യോഗം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം എ.ടി.കെ. മുഹമ്മദ്, എച്ച്എംസി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. സണ്ണി ജോസഫ് എംഎൽഎ രക്ഷാധികാരിയായും കെ.സുധാകരൻ ചെയർമാനായും, ഗ്രിഫിൻ സുരേന്ദ്രൻ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു.
previous post