കണ്ണൂർ: പിഎസ്സിയെ നോക്കുകുത്തിയാക്കി വേണ്ടപ്പെട്ടവരെ സർക്കാർ സർവീസിൽ തിരുകിക്കയറ്റുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നടക്കുന്ന പ്രക്ഷോഭം കണ്ണൂരിലും ശക്തമായി.
ഇന്നലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്കും പിഎസ്സി ഓഫീസിലേക്കും മാർച്ച് നടത്തി. സെക്രട്ടേറിയറ്റിനുമുന്നിൽ ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികൾ കളക്ടറേറ്റിനുമുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ നേതാക്കളുടെ ഭാര്യമാർക്ക് സർക്കാർ ജോലിയിൽ അനധികൃത നിയമനം നൽകി അർഹരായവരെ ഒഴിവാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടിക്കാർക്ക് ജോലി നൽകി അതുവഴി വൻ ലെവി പിരിച്ചെടുക്കാനാണ് പിൻവാതിൽ നിയമനം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. വർഷങ്ങളോളം ഊണും ഉറക്കവുമൊഴിച്ച് പഠിച്ച് പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ വന്നിട്ടും ജോലി നൽകാതെ വഞ്ചിക്കുന്ന സർക്കാരിനെതിരേ ഉയരുന്ന രോഷാഗ്നിയിൽ പിണറായി സർക്കാർ ചാന്പലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ. ബിജിൻ അധ്യക്ഷതവഹിച്ചു. ആർ.പി. വിബീഷ്, യു.പി. ഫാറൂഖ് എന്നിവർ പ്രസംഗിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുന്പ് ഉദ്യോഗാർഥികളുടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികൾ കളക്ടറേറ്റിന് മുന്നിൽ ശയനപ്രദക്ഷിണം നടത്തി. കളക്ടറേറ്റിന്റെ വടക്കേ കവാടം മുതൽ തെക്കേ കവാടം വരെയുള്ള റോഡിലാണ് ശയനപ്രദക്ഷിണം നടത്തിയത്. ആർ.പി. വിബീഷ്, യതിൻ, അതുൽ, വിക്ടർ, വിജീഷ്, സ്വാതി, രേഖ എന്നിവരാണ് ശയനപ്രദക്ഷിണം നടത്തിയത്.