കണ്ണൂർ: വഴിയോര കച്ചവടത്തിന് നിയന്ത്രണം ഏർപ്പെടുത്തുക, കടകൾ ഉൾപ്പടെയുള്ള വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് ഫീസ് വർധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി സമിതി സംസ്ഥാന വ്യാപകമായി ഒന്പതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മാർച്ചും ധർണയും നടത്തും. കണ്ണൂർ കോർപറേഷൻ മാർച്ചും ധർണയും ജില്ലാ സെക്രട്ടറി പി.എം. സുഗുണൻ ഉദ്ഘാടനം ചെയ്യും. നിരവധി ലൈസൻസുകളും ഭീമമായ വാടകയും നൽകി വ്യാപാരികൾ സ്ഥാപനങ്ങൾ നടത്തുന്പോൾ ഇതൊന്നുമില്ലാതെ വഴിയോര വാണിഭം തഴച്ചുവളരുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി.എം. സുഗുണൻ, സംസ്ഥാന സമിതിയംഗം എ.എ. ഹമീദ് ഹാജി, ജില്ലാ ജോയിന്റെ സെക്രട്ടറി ഇ. സജീവൻ എന്നിവർ പങ്കെടുത്തു.