മട്ടന്നൂർ: കണ്ണവത്ത് ആർ.എസ്.എസ് കേന്ദ്രത്തിൽ നിന്നും വാളുകളും ബോംബുകളും കണ്ടെടുത്ത സംഭവത്തിൽ നിസ്സംഗത വെടിഞ്ഞ് ശക്തമായ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാവണമെന്നും ആയുധ ശേഖരത്തിന് പിന്നിലെ ക്രിമിനൽ സംഘങ്ങളെ നിയമത്തിന് മുമ്പിൽ കൊണ്ട് വരണമെന്നും എസ്.ഡി.പി.ഐ മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് റഫീഖ് കീച്ചേരി ആവശ്യപ്പെട്ടു.
ആരെയോ അക്രമിക്കുന്നതിന്റെ മുന്നോടിയായിട്ടാണോ വാഹനത്തിൽ ബോംബുകളും വാളുകളും സൂക്ഷിച്ചത് എന്നത് അന്വേഷണ വിധേയമാക്കണം. മുഹമ്മദ് സലാഹുദ്ധീനെ വെട്ടിക്കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയവരും സഹായിച്ചവരും കണ്ണവത്ത് വീണ്ടും അക്രമത്തിന് കോപ്പ് കൂട്ടുകയാണ്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾ ജാഗ്രത പാലിക്കണം. ആർ.എസ്.എസ് ക്രിമിനൽ സംഘങ്ങളെ സഹായിക്കുന്ന നിലപാടാണ് ചില പോലീസ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. ഇത് അക്രമികൾക്ക് പ്രചോദനമാവുന്നു.
ഇത്തരത്തിൽ ജില്ലയിലുടനീളം ആർ.എസ്.എസ് കേന്ദ്രങ്ങളിൽ ആയുധ ശേഖരവും ബോംബ് നിർമ്മാണവും തകൃതിയായി നടക്കുകയാണ്. ശക്തമായ നടപടി സ്വീകരിക്കേണ്ട പോലീസ് പലപ്പോഴും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും ആർ.എസ്.എസിന്റെ അക്രമ രാഷ്ട്രീയത്തെ ജനങ്ങളെ അണി നിരത്തി പ്രതിരോധിക്കാൻ എസ്.ഡി..പി.ഐ നേതൃത്വം നൽകുമെന്നും റഫീഖ് കീച്ചേരി പ്രസ്ഥാവാനയിൽ അറിയിച്ചു